എയർസെൽ – മാക്സിസ് കേസ്: ചിദംബരത്തെയും മകനെയും 26 വരെ അറസ്റ്റ് ചെയ്യരുത്

കാർത്തി ചിദംബരം, പി.ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ എയർസെൽ – മാക്സിസ് കേസിൽ മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെയും മകൻ കാർത്തിയെയും ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രത്യേക കോടതി ഉത്തരവു നൽകി. ഇരുവർക്കുമെതിരെ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കേസുകളാണുള്ളത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിൽ ഇഡി പറഞ്ഞു.

അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി സമയപരിധി നിർദേശിച്ചിട്ടുണ്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷ, ഇഡിയുടെ മറുപടി എന്നിവയിൽ വാദത്തിനു തയ്യാറാണെന്നു ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽ സിബലും അഭിഷേക് സിങ്‌വിയും പറഞ്ഞു. തുടർന്നാണ് അറസ്റ്റ് തടഞ്ഞുള്ള നിർദേശമുണ്ടായത്.  കേസ് 26നു വീണ്ടും പരിഗണിക്കുമെന്നു ജഡ്ജി ഒ.പി.സയ്നി അറിയിച്ചു. കഴിഞ്ഞ മേയിലാണു ചിദംബരം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപ്പോൾ മുതൽ അറസ്റ്റ് തടഞ്ഞു കോടതി പല തവണ ഉത്തരവു നൽകിയിട്ടുണ്ട്.

കാർത്തി വിദേശത്തു പോകുന്നതിന് അനുമതി ചോദിച്ചു നൽകിയ അപേക്ഷ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും അതിനെക്കാൾ പ്രധാനമായ വിഷയങ്ങളുണ്ടെന്നും സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സെപ്റ്റംബർ 20 മുതൽ 30 വരെ വിദേശത്തു പോകാൻ നേരത്തേ അനുമതി നൽകിയിരുന്നു.