സിബിഐ:ആരോപണ പ്രത്യാരോപണങ്ങൾ സിവിസിക്ക് മുന്നിൽ

ന്യൂഡൽഹി∙ സിബിഐയിലെ രണ്ടാമൻ സ്പെഷൽ ഡയറക്ടറായ രാകേഷ് അസ്താന ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തള്ളി സിബിഐ ഡയറക്ടർ അലോക് വർമ. അധികാര തർക്കങ്ങൾക്കിടെ, ഇരുവരും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര വിജിലൻസ് കമ്മിഷണർക്കു (സിവിസിക്ക്) രേഖാമൂലം നൽകിയ മറുപടിയിലാണ് വർമ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇരുവരും നിർബന്ധിത അവധിയിലാണ്. സിവിസി റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇരുവരുടെയും ഭാവി തീരുമാനിക്കപ്പെടുക.

കഴി‍ഞ്ഞ ഓഗസ്റ്റിൽ ഡയറ്കടർ വർമയ്ക്കെതിരെ അസ്താന കാബിനറ്റ് സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ഹൈദരാബാദ് വ്യവസായി സതീഷ് സനയിൽ നിന്നു വർമ 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു പ്രധാന ആരോപണം. സതീഷ് സനയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ താൻ അനുമതി തേടിയപ്പോൾ അലോക് വർമ കേസ് തന്നെ മാറ്റിയെന്ന് അസ്താന സിവിസിയെയും അറിയിച്ചു.

എന്നാൽ, അസ്താനയ്ക്കെതിരെ സിബിഐ തന്നെ കേസെടുത്തതും സതീഷ്് സനയുടെ പരാതിയെ തുടർന്നായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 3 കോടി രൂപ അസ്താനയ്ക്ക് കോഴ നൽകിയെന്നു സതീഷ് സന പരാതിപ്പെട്ടതോടെ കാര്യങ്ങൾ സങ്കീർണമാവുകയായിരുന്നു.