കടുവയെ കൊന്നത് പിടിപ്പുകേട്; മന്ത്രിയുടെ രാജി ചോദിച്ച് മേനക

മുംബൈ ∙ 13 പേരെ കടിച്ചുകൊന്ന പെൺകടുവയെ വിദർഭയിൽ വെടിവച്ചു കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കടുത്ത നിലപാട് മഹാരാഷ്ട്ര സർക്കാരിനെ വെട്ടിലാക്കുന്നു. വെടിവയ്ക്കാൻ ഉത്തരവിട്ട മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്നു മേനക ആവർത്തിച്ചു. മുൻഗൻതിവാർ ബിജെപിക്കു ബാധ്യതയാണെന്നു വരെ കഴിഞ്ഞദിവസം അവർ ആരോപിച്ചിരുന്നു.

വിദർഭയിലെ മുതിർന്ന ബിജെപി നേതാവാണു ധനമന്ത്രി കൂടിയായ മുൻഗൻതിവാർ. 

അതിനിടെ, സംഭവം സിബിഐ അന്വേഷിക്കണമെന്നു മൃഗസ്നേഹികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി.  സർക്കാരിനെതിരെ വിമർശനവുമായി ശിവസേനയും രംഗത്തുണ്ട്. അതേസമയം, വനംവകുപ്പ് ജീവനക്കാരെ ആക്രമിക്കാൻ ഒരുങ്ങിയപ്പോഴാണു കടുവയ്ക്കുനേരെ വെടിയുതിർത്തതെന്നാണു മന്ത്രിയുടെ വിശദീകരണം.