അലോക് വർമയുടെ ഹർജിയിൽ ഇന്നു വാദം; തിരിച്ചെത്തിയാൽ കേന്ദ്രസർക്കാരിനു തിരിച്ചടി

ന്യൂഡൽഹി∙ സിബിഐ ഡയറകടർ സ്ഥാനത്തു നിന്നു നിർബന്ധിതാവധിയിൽ വിട്ട നടപടി ചോദ്യം ചെയ്ത് അലോക് വർമ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കും. വർമയ്ക്കെതിരെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിഗണിക്കും. സിവിസിയുടെ റിപ്പോർട്ട് വർമയ്ക്ക് അനുകൂലമെന്നാണ് സൂചന. കോടതിയുടെ ഇടപെടലിനെ തുടർന്ന് വർമ തിരിച്ചെത്തിയാൽ കേന്ദ്രസർക്കാരിനു തിരിച്ചടിയാവും. 

സർക്കാരിനെതിരായ റഫാൽ അഴിമതി ആരോപണത്തിൽ അടക്കം അന്വേഷണം തുടങ്ങാനിരിക്കെയാണ് വർമയ്ക്കെതിരെ നടപടി വന്നതെന്നു റിപ്പോർട്ടുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇന്നത്തെ വിധിക്കു പ്രധാന്യമേറുന്നതും അതുകൊണ്ടുതന്നെ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 

കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി. ചൗധരി, കമ്മിഷർമാരായ ടി.എം. ബാസിൻ, ശരത് കുമാർ എന്നിവർ വെ‌ള്ളിയാഴ്ച തന്നെ അന്വേഷണം പൂർത്തിയാക്കിയിരുന്നു. അസ്താന ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.