കോടതിയെ യുദ്ധമുറിയാക്കി റഫാൽ വാദം; വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടി

ന്യൂഡൽഹി∙ റഫാൽ കരാറിനെക്കുറിച്ചു വിശദീകരിക്കാൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് അറ്റോർണി ജനറൽ(എജി) കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചപ്പോൾ, വ്യോമസേനാ ഉദ്യോസ്ഥരോടാണു ചോദിക്കാനുള്ളതെന്നു കോടതി വ്യക്തമാക്കി. അങ്ങനെയാണ്, ഉച്ചയ്ക്കുശേഷം വ്യോമസേനാ ഉപമേധാവിയും സഹമേധാവിയും മറ്റും ഹാജരായത്.

ഇപ്പോൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) ആണ് സേനയ്ക്ക് ആവശ്യമായ പോർവിമാനങ്ങൾ നിർമിച്ചുനൽകുന്നതെന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനു മറുപടിയായി സഹമേധാവി വ്യക്തമാക്കി. അഞ്ചാം തലമുറ പോർ വിമാനങ്ങളാണ് ഇനി ആവശ്യമെന്നും വിശദീകരിച്ചു.

കോടതിക്കല്ല, വിദഗ്ധർക്കാണു കരാർ പരിശോധിക്കാൻ സാധിക്കുകയെന്നും മാധ്യമ റിപ്പോർട്ടുകളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ തീരുമാനം പാടില്ലെന്നും എജി രാവിലെ വാദമുന്നയിച്ചിരുന്നു. ഓരോ റഫാൽ വിമാനത്തിനും അടിസ്ഥാന രൂപത്തിൽ 670 കോടി രൂപയാണു വിലയെന്നും ഇന്ത്യയ്ക്ക് ആവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തിയുള്ള വില രഹസ്യസ്വഭാവമുള്ളതാണെന്നും എജി പറഞ്ഞു. എന്നാൽ, നേരത്തേ നിശ്ചയിച്ചതിനേക്കാൾ 40% കൂടുതലാണു പുതിയ വിലയെന്നു ഹർജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷൺ വാദിച്ചു.

2015 ഏപ്രിലിൽ കരാറിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയശേഷം, മേയിലാണു ചർച്ച പോലും തുടങ്ങിയതെന്നു ഹർജിക്കാരിലൊരാളായ അഭിഭാഷകൻ എം.എൽ. ശർമ വാദിച്ചു. സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) ഇടപാടിന് അംഗീകാരം നൽകിയത് 2016 മാർച്ചിലാണ്. ടെൻഡർ പ്രക്രിയ ഒഴിവാക്കാനാണു സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കിയതെന്നു പ്രശാന്ത് ഭൂഷൺ വാദിച്ചു.

പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ പ്രതിരോധ മന്ത്രിക്കുപോലും ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നു. 126 വിമാനങ്ങൾ വേണമെന്നു നേരത്തേ തീരുമാനിച്ചെങ്കിൽ, പെട്ടെന്നത് 36 എന്നാക്കി. വേഗത്തിൽ ലഭ്യമാക്കാനാണ് എണ്ണം കുറച്ചതെന്നാണു സർക്കാരിന്റെ ന്യായീകരണം. 3 വർഷം കഴിഞ്ഞു, ഒരു വിമാനം പോലും എത്തിയിട്ടില്ല.

ഡാസോ ഏവിയേഷൻ 1929ൽ തുടങ്ങിയ കമ്പനിയാണെന്നും ഈ മേഖലയിൽ പരിചയമില്ലാത്ത റിലയൻസ് ഡിഫൻസിനെ അവർ ഓഫ്സെറ്റ് പങ്കാളിയാക്കിയതു കേന്ദ്ര സർക്കാരിന്റെ സമ്മർദം മൂലം മാത്രമാണെന്നും മുൻ കേന്ദ്രമന്ത്രി അരുൺ ഷൂറി വാദിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഡാസോ ഏവിയേഷന് കരകയറാനാവുന്നത് റഫാൽ കരാറിലൂടെയാണെന്നും ഷൂറി പറഞ്ഞു.

വ്യോമസേനാ ഉദ്യോഗസ്ഥരോടു വിശദാംശങ്ങൾ ചോദിച്ചശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞു: എയർമാർഷലിനും വൈസ് മാർഷൽമാർക്കും മടങ്ങിപ്പോകാം. ഇവിടെ കോടതിയിൽ മറ്റൊരു യുദ്ധമുറയാണ്. നിങ്ങൾ നിങ്ങളുടെ യുദ്ധമുറിയിലേക്കു മടങ്ങിപ്പോകുക.