തെലങ്കാനയിൽ സിപിഐ കോൺഗ്രസ് സഖ്യത്തിൽ, സ്വന്തം മുന്നണിയുമായി സിപിഎം

ഹൈദരാബാദ്∙ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി തെലങ്കാനയിൽ സിപിഎമ്മും സിപിഐയും ഭിന്നതയിൽ. സംസ്ഥാനത്തു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിൽ സിപിഐ പങ്കാളിയായെങ്കിലും സിപിഎം സ്വന്തം മുന്നണിയുണ്ടാക്കിയാണു മൽസരിക്കുന്നത്.

‘ടിആർഎസിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണു സിപിഐയുടെ പ്രഥമദൗത്യം. പക്ഷേ, ഇത് ഇടതുകക്ഷികൾക്കു തനിച്ചു കഴിയില്ല. അതാണു കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.’–സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്‌ഡി പറഞ്ഞു. സിപിഎം ഇതിനോടു യോജിക്കാത്തതുകൊണ്ടാണ് അവരുമായി വഴി പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കോൺഗ്രസും ടിഡിപിയുമായി കഴിഞ്ഞ 30 വർഷമായി നിലനിന്ന സഖ്യം ദുരനുഭവമായിരുന്നുവെന്നും ഒരു സാഹചര്യത്തിലും കോൺഗ്രസുമായി ഇനി സഖ്യം വേണ്ടെന്നാണു പാർട്ടിയുടെ തീരുമാനമെന്നും സിപിഎം തെലങ്കാന സെക്രട്ടറി ടി. വീരഭദ്രൻ പറഞ്ഞു. കോൺഗ്രസിനോടുള്ള തിരഞ്ഞെടുപ്പു സമീപനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

28 സാമൂഹിക–രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ്മയായ ബഹുജൻ ലെഫ്ട് ഫ്രണ്ടിനാണു (ബിഎൽഎഫ്) സിപിഎം നേതൃത്വം നൽകുന്നത്. കോൺഗ്രസുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ തള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഐ കോൺഗ്രസിനൊപ്പമായിരുന്നു. സിപിഎം 39 സീറ്റുകളിൽ തനിച്ചു മൽസരിച്ചെങ്കിലും മറ്റു സീറ്റുകളിൽ ടിആർഎസിനു പിന്തുണ നൽകി.

ഇത്തവണ 119 സീറ്റുകളിലും മൽസരിക്കാനാണു സിപിഎം മുന്നണിയുടെ തീരുമാനം. ഡിസംബർ 7നാണു തിരഞ്ഞെടുപ്പ്.

കോൺഗ്രസിന് 2–ാം പട്ടികയായി

ന്യൂഡൽഹി∙ തെലങ്കാനയിൽ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. 10 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ, 74 മണ്ഡലങ്ങളിൽ പാർട്ടിക്കു സ്ഥാനാർഥികളായി. കഴിഞ്ഞ ദിവസം 64 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 119 അംഗ സഭയിൽ 94 സീറ്റുകളിൽ മൽസരിക്കാനാണു കോൺഗ്രസ് നീക്കം. ബാക്കിയുള്ളവ മുന്നണിയിലെ മറ്റു കക്ഷികളായ ടിഡിപി, തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയ്ക്കു വീതിച്ചു നൽകും.

മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവു ഗജ്‌വേൽ മണ്ഡലത്തിൽ ഇന്നലെ നാമനിർദേശ‌പത്രിക സമർപ്പിച്ചു.