ജനാർദന റെഡ്ഡിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജനാർദന റെഡ്ഡി

ബെംഗളൂരു ∙ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ബിജെപി മുൻമന്ത്രി ജനാർദന റെഡ്ഡിയുടെ ജാമ്യാപേക്ഷയിൽ സിറ്റി സിവിൽ കോടതി ഇന്നു വിധി പറയും. 200 കോടിയുടെ തട്ടിപ്പുകേസിൽ ആംബിഡന്റ് മാർക്കറ്റിങ് കമ്പനി ഉടമ സയിദ് അഹമ്മദ് ഫരീദിനു ജാമ്യം നേടിക്കൊടുക്കാൻ 20 കോടി രൂപയുടെ സ്വർണം റെഡ്ഡി കൈപ്പറ്റിയെന്നാണു കേസ്. മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നു 10നു കീഴടങ്ങിയ റെഡ്ഡി 24 വരെ പാരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്.

അതേസമയം, അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വ്യതിചലിക്കുകയാണെന്നു കോടതി കുറ്റപ്പെടുത്തി. റെഡ്ഡിക്കെതിരെ തെളിവുണ്ടോ എന്നും ചോദിച്ചു. റെഡ്ഡിയുടെ പ്രൈവറ്റ് സെക്രട്ടറി അലിഖാന്റെ ജാമ്യം റദ്ദാക്കണമെന്നു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും കോടതി ഇന്നു പരിഗണിക്കും.