സിവിസി റിപ്പോർട്ട്: സുപ്രീം കോടതി ആലോക് വർമയുടെ മറുപടി തേടി

ആലോക് വർമ

ന്യൂഡൽഹി ∙ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ ആലോക് വർമയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) അന്വേഷണ റിപ്പോർട്ട് രഹസ്യരേഖയായി സുപ്രീം കോടതിക്കു കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് വർമയ്ക്കു ലഭ്യമാക്കാൻ നിർദേശിച്ച കോടതി, 19ന് ഉച്ചയ്ക്ക് ഒരുമണിക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു.
ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ ആലോക് വർമ നൽകിയ ഹർജി 20ന് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കോടതി നിർദേശപ്രകാരം, മുൻ സുപ്രീം കോടതി ജഡ്ജി എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തിലാണ് സിവിസി അന്വേഷണം നടത്തിയത്. റിപ്പോർട്ടിലെ ചില വിവരങ്ങൾ ആലോക് വർമയ്ക്ക് അനുകൂലവും ചിലതു പ്രതികൂലവുമാണെന്നു കോടതി വിലയിരുത്തി.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആരോപണവിധേയനു നൽകാൻ വ്യവസ്ഥയില്ലെന്ന് സിവിസിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കേസിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത്, ഒറ്റത്തവണത്തേക്കുള്ള നടപടിയാണ് ഇതെന്നു കോടതി വിശദീകരിച്ചു. സിവിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും മുൻപ് വർമയുടെ ഭാഗം കേൾക്കാൻ താൽപര്യപ്പെടുന്നത് സിബിഐയുടെ പവിത്രതയും വിശ്വാസ്യതയും സംരക്ഷിക്കപ്പെടണം എന്നതുകൊണ്ടാണെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറലിനും റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കും. അതേസമയം, പകർപ്പ് നൽകണമെന്ന സിബിഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ ആവശ്യം കോടതി നിരസിച്ചു.