കേജ്‌രിവാളിനു നേരെ മുളകുപൊടിയേറ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ മുളകുപൊടിയെറിഞ്ഞ അനിൽകുമാറിനെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോൾ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ സെക്രട്ടേറിയറ്റിലെ ചേംബറിനു മുന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നേരെ മുളകുപൊടി ആക്രമണം. പ്രതി അനിൽ കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്കു 2.30നു വീട്ടിലേക്കു പോകാനായി ഇറങ്ങിയ കേജ്‌രിവാളിനെ പേരെടുത്തു വിളിച്ചാണ് അനിൽ സമീപിച്ചത്.

തുടർന്നു കാലിൽ തൊട്ടു തൊഴുതതിനു പിന്നാലെ പോക്കറ്റിൽ നിന്നു മുളകുപൊടിയെടുത്ത് എറിയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കേജ്‍രിവാളിന്റെ കണ്ണട നിലത്തു വീണുടഞ്ഞു.
പുകയില പായ്ക്കറ്റിൽ ഒളിപ്പിച്ചാണു മുളകുപൊടിയുമായി അകത്തു കടന്നത്. ജയിലിൽ നിന്നു പുറത്തെത്തിയാൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന് അനിൽ ഭീഷണിമുഴക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസിനെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും കേന്ദ്രനിർദേശം അനുസരിച്ചാണു വിധ്വംസക ശക്തികളെ പൊലീസ് സെക്രട്ടേറിയറ്റിലേക്കു കടത്തിവിടുന്നതെന്നും ആരോപിച്ചു.

ഒരു മാസത്തിനിടെ മൂന്നാമത്തെ കയ്യേറ്റ ശ്രമമാണു മുഖ്യമന്ത്രിക്കെതിരെയുണ്ടാകുന്നതെന്നും എഎപി കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച സിഗ്നേച്ചർ പാലം ഉദ്ഘാടനച്ചടങ്ങിനിടെ ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി, കേജ്‍രിവാളിനു നേരെ കുപ്പിയെറിഞ്ഞതായി ആക്ഷേപമുയർന്നിരുന്നു. ദസറ ആഘോഷത്തിനിടെ അജ്ഞാതൻ മുഖ്യമന്ത്രിയുടെ വസതിയിൽ കടക്കാൻ ശ്രമിച്ച സംഭവുമുണ്ടായി.