വാജ്പേയിയുടെ ആശയം; സിദ്ദുവിന്റെ ഇടപെടൽ

പാക്കിസ്ഥാനിലും ഇന്ത്യയിലുമായുള്ള സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണ‌ക്കി, അതിർത്തികളില്ലാത്ത ഇടനാഴി എന്ന ആശയം മുൻപേയുള്ളതാണെങ്കിലും അതിനെ പുനരുജ്ജീവിപ്പിച്ചത് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവാണ്. ഓഗസ്റ്റിൽ പാക്ക് പ്ര‌ധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത സിദ്ദു ഇക്കാര്യം അവിടെ ചർച്ച ചെയ്തു.

പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബ‌ജ്‌വ ഇടനാഴിയുടെ കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചുവെന്നു അദ്ദേഹം പറഞ്ഞു. പിന്നീട് പഞ്ചാബ് നിയമസഭയും കേന്ദ്രമന്ത്രിസഭയും ഇടനാഴി നിർമാണത്തിന് അംഗീകാരം നൽകി. ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ നിർമാണോദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 26 നു നിർവഹിച്ചു. 1999 ഫെബ്രുവരിയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ലാഹോറിലേക്ക് ബസ് യാത്ര നടത്തിയപ്പോൾ അദ്ദേഹമാണ് തീർഥാടക ഇടനാഴി നിർദേശം മുന്നോട്ടുവച്ചത്.

സിദ്ദു പാക്കിസ്ഥാനിൽ മൽസരിച്ചാലും ജയിക്കും: ഇമ്രാൻ ഖാൻ

കർതാർപുർ ∙ പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചാലും സിദ്ദു ജയിക്കുമെന്ന് ഇമ്രാൻ ഖാൻ. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സിദ്ദു പങ്കെടുത്തതിനെത്തുടർന്ന് ഇന്ത്യയിലുണ്ടായ വിവാദങ്ങളെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു ഇമ്രാൻ. അന്ന്, പാക്ക് സൈനിക മേധാവിയെ സിദ്ദു ആലിംഗനം ചെയ്തതും വിവാദമായിരുന്നു. ‘ആണവ ശക്തികളായ 2 രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്.

ആരും ജയിക്കില്ലെന്നുറപ്പുള്ള യുദ്ധത്തിന് ആരാണു പുറപ്പെടുക. സൗഹൃദത്തിനും സമാധാനത്തിനും മാത്രമേ സാധ്യതയുള്ളൂ. സിദ്ദു സംസാരിച്ചതും അതേക്കുറിച്ചാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മി‍ൽ സമാധാനമുണ്ടാകാൻ സിദ്ദു ഇന്ത്യയിൽ പ്രധാനമന്ത്രിയാകുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോൾ തന്നെ ആകാം. സിദ്ദുവിനെ പാക്കിസ്താനിലും വൻതോതിൽ ആരാധകരുണ്ട്. ഇവിടെ തിര‍ഞ്ഞെടുപ്പിനു നിന്നാലും അദ്ദേഹം ജയിക്കും’ – ഇമ്രാൻ പറഞ്ഞു.

തീവ്രവാദവും ചർച്ചയും ഒരുമിച്ചു പോകില്ല: കരസേനാ മേധാവി

ന്യൂഡൽഹി ∙ കർതാർപുർ ഇടനാഴിയെ പാക്കിസ്ഥാനുമായുള്ള സമാധാന നീക്കവുമായി ബന്ധപ്പെടുത്തേണ്ടെന്നു സൂചിപ്പിച്ചു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കർതാർപുരിനെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നും മറ്റൊന്നുമായി അതിനെ കൂട്ടിയിണക്കേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം നിലനിർത്തണമെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്; തീവ്രവാദവും സമാധാന ചർച്ചയും ഒന്നിച്ചു പോകില്ലെന്ന ഇന്ത്യയുടെ നിലപാട് സൂചിപ്പിച്ചു റാവത്ത് പറഞ്ഞു.