ഖലിസ്ഥാൻ നേതാവിനൊപ്പം സിദ്ദു, വിവാദം

ഖലിസ്ഥാൻ നേതാവ് ഗോപാൽ സിങ് ചാവ്‍ലയ്ക്കൊപ്പം നവജ്യോത് സിങ് സിദ്ദു നിൽക്കുന്ന ചിത്രം.

ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് മന്ത്രിയായ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു ഖലിസ്ഥാൻ നേതാവ് ഗോപാൽ സിങ് ചാവ്‍ലയ്ക്കൊപ്പം നിൽക്കുന്ന ചിത്രം വിവാദമായി. ‘എന്റെ സഹോദരൻ’ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് സിദ്ദുവുമൊത്തുള്ള ചിത്രം ചാവ്‍ല പോസ്റ്റ് ചെയ്തത്.

പാക്കിസ്ഥാനിൽ നടന്ന കർതാർപുർ ഇടനാഴി ശിലാസ്ഥാപന ചടങ്ങിനിടെ ചാവ്‍ലയും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയും ഒരുമിച്ചു നിൽക്കുന്നതിനു സമീപം സിദ്ദുവുമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. വീസയില്ലാതെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിഖുകാർക്ക് ഗുരുദ്വാരകൾ സന്ദർശിക്കാൻ ഉതകുന്നതാണ് കർതാർപുർ ഇടനാഴി.

പാക്ക് ഗുരുദ്വാര പ്രബന്ധക് സമിതി ജനറൽ സെക്രട്ടറിയാണ് ചാവ്‍ല. ചിത്രം വൈറലായതോടെ സിദ്ദുവിനെതിരെ വിമർശന പെരുമഴയുമായി. എന്നാൽ, ചിത്രം ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന് സിദ്ദു പ്രതികരിച്ചു. ജനപ്രതിനിധിയായ താൻ ദിവസവും ഒട്ടേറെ പേരുമായി ഇടപഴകുന്ന ചിത്രങ്ങൾ പലരും എടുക്കാറുണ്ടെന്നും അതിൽ ആരൊക്കെയുണ്ടെന്ന് പരിശോധിക്കുക എളുപ്പമല്ലെന്നും സിദ്ദു പറഞ്ഞു.