ലോംഗോവാളും ഖലിസ്ഥാൻ നേതാവിനൊപ്പം; പാക്കിസ്ഥാനിലേക്ക് അയച്ചത് രാഹുലെന്ന് സിദ്ദു

അമൃത്‍സർ ∙ പാക്കിസ്ഥാനിലെ ഖലിസ്ഥാൻ അനുകൂല സിഖ് നേതാവ് ഗോപാൽ സിങ് ചാവ്‍ലയ്ക്കൊപ്പമുള്ള ഇന്ത്യയിലെ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) അധ്യക്ഷൻ ഗോബിന്ദ് സിങ് ലോംഗോവാളിന്റെ ചിത്രം വിവാദം. നേരത്തെ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവും ചാവ്‍ലയും ഒരുമിച്ചുള്ള ചിത്രത്തെച്ചൊല്ലിയും വിവാദമുണ്ടായിരുന്നു.

കർതാപുർ തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപനച്ചടങ്ങിലാണ് സിദ്ദുവും ലോംഗോവാളും ചാവ്‍ലയെ കണ്ടത്. എന്നാൽ, ചടങ്ങിന്റെ വേദിയിൽ അടുത്തടുത്ത് ഇരിപ്പിടങ്ങൾ ഒരുക്കിയതു കൊണ്ടാണ് ചാവ്‍ലയുടെ അടുത്തിരിക്കേണ്ടി വന്നതെന്ന് ലോംഗോവാൾ പറഞ്ഞു. ‘ചാവ്‍ലയെ മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. അടുത്തിരിക്കുന്നത് ആരാണെന്ന് ഞാൻ എങ്ങനെ അറിയാനാണ്? ’– അദ്ദേഹം ചോദിച്ചു.

പാക്കിസ്ഥാൻ എസ്ജിപിസി ജനറൽ സെക്രട്ടറിയാണ് ഗോപാൽ സിങ് ചാവ്‍ല. കർതാർപുർ ചടങ്ങിൽ ഒരുപാടു പേർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തുവെന്നും അത് ആരൊക്കെയാണെന്ന് അറിയില്ലെന്നുമായിരുന്നു സിദ്ദു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനിടെ, പാക്കിസ്ഥാനിൽ നടന്ന കർതാപുർ ചടങ്ങിലേക്കു തന്നെ അയച്ചതു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് സിദ്ദു പറഞ്ഞു.

സിദ്ദുവിനെ പാക്കിസ്ഥാനിലേക്കു പോകുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘രാഹുൽ ഗാന്ധിയാണ് എന്റെ ക്യാപ്റ്റൻ. അദ്ദേഹമാണ് ക്യാപ്റ്റന്റെയും ക്യാപ്റ്റൻ’– സിദ്ദു പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവരും പാക്കിസ്ഥാനിലെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗോപാൽ സിങ് ചാവ്‍ലയെ ഹർസിമ്രത് കൗറിനൊപ്പവും കണ്ടിരുന്നുവെന്ന് സിദ്ദു പറഞ്ഞു.