ഇ ദൃഷ്ടിയുമായി റെയിൽവേ; ഒറ്റ ക്ലിക്കിൽ എല്ലാം അറിയാം

ന്യൂ‍ഡൽഹി ∙ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ഡൽഹി റെയിൽ ഭവനിലെ ഓഫിസിലിരുന്ന് ഒറ്റ മൗസ് ക്ലിക്കിൽ രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും വിവരമറിയാം.

എത്ര ട്രെയിനുകൾ കൃത്യസമയത്ത് ഓടുന്നു, എത്ര യാത്രക്കാർക്കു റിസർവേഷനുണ്ട്, ട്രെയിനുകളുടെ വരുമാനം, ചരക്കുനീക്കം എന്നു തുടങ്ങി റെയിൽവേ കേറ്ററിങ് സ്ഥാപനത്തിന്റെ (ഐആർസിടിസി) അടുക്കളയിൽ ഇപ്പോൾ വേവുന്നത് എന്താണെന്നതിന്റെ വിഡിയോ വരെ മന്ത്രിയുടെ മുന്നിലെ സ്ക്രീനിലെത്തും

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ച ഇ ദൃഷ്ടി എന്ന സോഫ്റ്റ്‌വെയറിലൂടെയാണിത് നടപ്പാക്കുന്നത്. ആദ്യം മന്ത്രിയുടെ ഓഫിസിലും പിന്നീടു രാജ്യത്തെ വിവിധ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായും ഈ സംവിധാനം നടപ്പാക്കും. റെയിൽവേയുടെ പ്രവർത്തനങ്ങളെ സുതാര്യമാക്കുന്നതിനു വേണ്ടിയാണീ നടപടി.

ഇ ദൃഷ്ടി: പ്രവർത്തനം ഇങ്ങനെ

∙ കംപ്യൂട്ടർ സ്ക്രീനിൽ രാജ്യത്തെ റെയിൽ ശൃംഖലയുടെ മാപ്പ്. വിവിധ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളുടെ വിവരം മൗസ് ക്ലിക്കിൽ അറിയാം.

∙ ഓരോ ട്രെയിനിലെയും യാത്രക്കാരുടെ എണ്ണം, റിസർവേഷൻ വിശദാംശങ്ങൾ തുടങ്ങിയവയും അറിയാം.

∙ ഓരോ ട്രെയിനും കൃത്യസമയം പാലിക്കുന്നുണ്ടോ, ട്രെയിനുകളുടെ തൽസമയ ലൊക്കേഷൻ എന്നിവ അറിയാം.

∙ ഐആർസിടിസിയുടെ അടുക്കളകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവിടങ്ങളിൽനിന്നുള്ള വിഡിയോ കംപ്യൂട്ടറിൽ ദൃശ്യമാകും. (ട്രെയിനിലെ ഭക്ഷണത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പതിവായി പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണിത്.)