‘അണ്ണാ കെസിആർ, നീവു നീനു പാർലമെന്റിലെ കൊട്‍ലാടാമു..’ പഞ്ച് ഡയലോഗുകളുമായി വീണ്ടും വിജയശാന്തി

തെലങ്കാനയിലെ ഹുസൂരാബാദിൽ കോൺഗ്രസ് സ്ഥാനാർഥി കൗശിക് റെഡ്ഡിക്കുവേണ്ടി നടത്തിയ റോഡ് ഷോയിൽ ചലച്ചിത്രതാരം വിജയശാന്തി. ചിത്രം: ടോണി ഡൊമിനിക്

ആക്‌ഷൻ സൂപ്പർ സ്റ്റാർ വിജയശാന്തി കോപ്റ്ററിൽ വന്നിറങ്ങി; അണികൾ മൂന്നര മണിക്കൂർ മുൻപേ ട്രാക്ടറിലും. മുൻപേ വന്നവർക്കു കാത്തിരിക്കാൻ മടിയുണ്ടായിരുന്നില്ല. വിജയശാന്തിയുടെ എത്രയെത്ര സിനിമകളുടെ റിലീസിനുവേണ്ടി കാത്തിരുന്നവരാണവർ! 

കോൺഗ്രസിനു വേണ്ടി ഹുസൂരാബാദിൽ മത്സരിക്കുന്ന മുൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം കൗശിക് റെഡ്ഡിക്കുവേണ്ടി പ്രചാരണത്ത‍ിന് എത്തിയതാണു വിജയശാന്തി. കമലാപുർ ഗ്രാമത്തിൽ പൂരത്തിന്റെ ആളാണ്. തിക്കുംതിരക്കും കണ്ട് പൊലീസ് അൽപം ആക്‌‌ഷനു ശ്രമിച്ചു. ആക്‌ഷൻ നായികയുടെ ആരാധകരും വിട്ടുവീഴ്ച കാട്ടിയില്ല. ജീപ്പ് ഉരുണ്ടുനീങ്ങി; ജനക്കൂട്ടവും. 

റോഡ് ഷോ ഒന്നര കിലോമീറ്ററാണു പോകേണ്ടത്. അതാകട്ടെ ഒരു ഒന്നൊന്നര കിലോമീറ്ററായിരുന്നു. മണ്ഡലത്തിലെ ജനങ്ങളെല്ലാം ആ ഒന്നര കിലോമീറ്ററിൽ ഉണ്ടെന്നു തോന്നി. വഴിനീളെ ഡോലകിന്റെ ഡുംഡും രവം. തെലങ്കാന പെണ്മണിമാരുടെ കോൽക്കളി. പുഷ്പവൃഷ്ടി. ഒരു നായികയുടെ വരവിനുള്ള എല്ലാ ആഘോഷങ്ങളും തെരുവിൽ നിരന്നു. പൂക്കൾ പറന്നു തലയിൽ വീണതോടെ വിജയശാന്തി അൽപം അസ്വസ്ഥയായി. 

മൈക്കിലൂടെ അണികൾക്കു നിർദേശം നൽകുന്ന കൗശിക് റെഡ്ഡിയിൽ പഴയ ക്രിക്കറ്റ് മെയ്‍വഴക്കം ഇപ്പോഴ‍ുമുണ്ട്. 

റോഡ് ഷോ അവസാനിച്ചപ്പോൾ വിജയശാന്തി മൈക്ക് കൈയിലെടുത്തു. ‘അണ്ണാ കെസിആർ, നീവു നീനു പാർലമെന്റിലെ കൊട്‍ലാടാമു..’ പഴയ സഹപ്രവർത്തകൻ കെ. ചന്ദ്രശേഖര റാവുവിനും ടിആർഎസിനും നേർക്കു വിജയശാന്തിയുടെ നാവിൽ നിന്നു വെടിയുണ്ടകൾ പാഞ്ഞുകൊണ്ടിരുന്നു. ‘തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ വേണ്ടിയാണു ഞാനും കെസിആർ അണ്ണനും ഒന്നിച്ചത്. 2009 ൽ എന്നെ പാർലമെന്റിലേക്ക് അയച്ചതും അതു നടപ്പാക്കിയെടുക്കാൻ തന്നെ. പക്ഷേ, തെലങ്കാനയ്ക്കു വേണ്ടിയല്ല, സ്വന്തം കാര്യത്തിനു വേണ്ടിയാണു കെസിആർ പരിശ്രമിച്ചുകൊണ്ടിരുന്നത് എന്നു മനസിലായപ്പോഴാണ് ഞാൻ ടിആർഎസ് വിട്ടത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് സോണിയ ഗാന്ധിയുടെ പരിശ്രമം കൊണ്ടു മാത്രമാണ്...’

തീപ്പൊരി ചിതറിയ വാക്കുകൾ കേട്ടുനിന്ന ജനം ആവേശത്താൽ ജ്വലിച്ചു. പണ്ടു തീയറ്ററുകളിൽ ഉയർന്ന കയ്യടിശബ്ദം തെരുവിൽ വീണ്ടും അലയടിച്ചു. മഹാകൂട്ടമി (കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം) വിജയം കൊയ്യുമോ? ഇടവേളകളിലൊന്നിൽ വിജയശാന്തിയോട് ചോദിച്ചു. മറുപടി ഒറ്റവാക്കിൽ – ‘സൂപ്പർഹിറ്റായിരിക്കും...’