മിന്നലാക്രമണങ്ങൾക്ക് പ്രത്യേക സേന വരുന്നു; 3 സേനാവിഭാഗത്തിലെയും കമാൻഡോകൾ ഒരുമിച്ച്

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ മിന്നലാക്രമണങ്ങൾക്ക് 3 സേനകളിലെ കമാൻഡോ വിഭാഗങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി അതിർത്തി മേഖലയിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ നീക്കം. ‘സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ’ പരിഗണനയിലാണെന്നും തുടർ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ വ്യ‌ക്തമാക്കി. പാരാ സ്പെഷൽ ഫോഴ്സ് (കരസേന), ഗരുഡ് (വ്യോമസേന), മറീൻ കമാൻഡോസ് – മാർകോസ് (നാവികസേന) എന്നിവയിലെ കമാൻഡോകളെയാണ് ഉൾപ്പെടുത്തുക.

കര, ജല, ആകാശ മാർഗമുള്ള ഏത് ആക്രമണവും നേരിടാൻ സജ്ജമായ പ്രത്യേക സംഘത്തിന്റെ രൂപീകരണത്തിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അംഗീകാരം നൽകിയെന്നാണു സൂചന. അതിർത്തിയിലെ പതിവു കാവൽസേനയ്ക്കു പകരം കരസേനാംഗങ്ങളെ ഉൾപ്പെടുത്തി യുദ്ധസജ്ജമായ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) രൂപം നൽകുന്നതും പരിഗണനയിലുണ്ട്. കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമെ, ആർട്ടിലെറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗത്തിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയുള്ള യൂണിറ്റായിരിക്കും ഐബിജി.