17 ദിവസം, 70 പ്രസംഗം; ശബ്ദം നഷ്ടമായ സിദ്ദു ചികിൽസയിൽ

ചണ്ഡിഗഡ്∙ തുടർച്ചയായ തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു (55) ‘ശബ്ദ വിശ്രമ’ത്തിൽ. 17 ദിവസം 70 പൊതുയോഗങ്ങളിൽ പ്രസംഗിച്ച സിദ്ദുവിന്റെ സ്വനതന്തുക്കൾക്ക് തകരാർ സംഭവിച്ചതിനാലാണ് ഡോക്ടർമാർ 5 ദിവസം പൂർണ വിശ്രമം നിർദേശിച്ചത്.

തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സിദ്ദു കോൺഗ്രസിന്റെ താരമൂല്യമുള്ള പ്രസംഗകനാണ്. മുൻ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം നർമബോധം കൊണ്ടും പ്രസംഗചാതുരി കൊണ്ടും ജനത്തെ ആകർഷിക്കുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തുടർച്ചയായി പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തത്.

അമിതമായി വിമാനയാത്ര നടത്തിയതുമൂലം നേരത്തേ തന്നെ  ചികിത്സയിലായ സിദ്ദുവിന് ഹെലികോപ്റ്റർ യാത്രയും അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.