റോബർട് വാധ്‌ര ബന്ധം: മൂന്നിടങ്ങളിൽ ഇഡി റെയ്ഡ്

റോബർട് വാധ്‌ര

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട് വാധ്‌രയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട 3 പേരുടെ താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ വാറന്റില്ലാതെ ഉദ്യോഗസ്ഥർ അനധികൃതമായി റെയ്ഡ് നടത്തുകയായിരുന്നുവെന്ന് വാധ്‌രയുടെ അഭിഭാഷകൻ സുമൻ ഖേത്താൻ ആരോപിച്ചു.

പ്രതിരോധ ഇടപാടിൽ കമ്മിഷൻ ലഭിച്ചവരെന്നു സംശയിക്കുന്നവരുടെ ഡൽഹിയിലെയും ബെംഗളൂരുവിലെയും വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശത്തു നിയമവിരുദ്ധമായി സ്വത്തു സമ്പാദിക്കാൻ കമ്മിഷൻ ഉപയോഗിച്ചുവെന്നാണു സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരുടെ പേരു വെളിപ്പെടുത്തിയില്ല.

ബിജെപിക്കു പ്രശ്നങ്ങളുണ്ടാകുമ്പോൾ റോബർട് വാധ്‌രയ്ക്കെതിരെ തിരിയുന്നതു മോദി സർക്കാരിന്റെ പഴയ തന്ത്രമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പു തോൽവികളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ഈ തന്ത്രം ജനങ്ങൾക്കും മനസ്സിലാകുമെന്ന് അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.