മാതാപിതാക്കൾ വിറ്റ പെൺകുട്ടിക്ക് രക്ഷകരായി ട്രാൻസ്ജെൻഡേഴ്സ്

പട്ന∙ മാതാപിതാക്കൾ മധ്യവയസ്കനു വിറ്റ പതിനഞ്ചുകാരിക്കു രക്ഷകരായി ട്രാൻസ്ജെൻഡേഴ്സ്. ഇവർ മോചിപ്പിച്ച പെൺകുട്ടിയെ സുരക്ഷിതയായി ബന്ധുവീട്ടിലേക്കയച്ചു. ബിഹാറിലെ നവാഡയിലുള്ള ഒൻപതാം ക്ലാസുകാരിയെയാണ് ഒന്നര ലക്ഷം രൂപ കൈപ്പറ്റി മാതാപിതാക്കൾ ജാർഖണ്ഡ് സ്വദേശിയായ അൻപതുകാരനു വിറ്റത്. വീട്ടുകാർ കല്യാണത്തിനു നിർബന്ധിച്ചിരുന്നെന്നും, എതിർത്തപ്പോൾ ലഹരിനൽകി ബോധംകെടുത്തി മധ്യവയസ്കനു കൈമാറുകയായിരുന്നുവെന്നും കുട്ടി പറയുന്നു.

ജാർഖണ്ഡിലെത്തിയ കുട്ടി അയാളുടെ വീട്ടിൽനിന്നു രക്ഷപ്പെട്ടു സ്വന്തം വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീട്ടുകാർ അങ്ങോട്ടുതന്നെ പറഞ്ഞയച്ചു. പിന്നീട്, അയാൾ കുട്ടിയെയും കൂട്ടി ട്രെയിനിൽ പുണെയിലേക്കു പുറപ്പെട്ടു. 6 ലക്ഷം രൂപയ്ക്കു പുണെ സ്വദേശിക്കു വിൽക്കുകയായിരുന്നു ലക്ഷ്യം.

അപകടം മനസ്സിലാക്കിയ പെൺകുട്ടി, ട്രെയിൻ അലഹാബാദ് സ്റ്റേഷനിലെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. അവിടെ വച്ചാണു ട്രാൻസ്ജെൻഡേഴ്സ് രക്ഷകരായത്. ബിഹാറിലെ കൈമൂറിലുള്ള ബന്ധുവീട്ടിലെത്താൻ അവർ സഹായിച്ചു. കുട്ടിയുടെ പരാതിയിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ‘പോക്സോ’ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.