ബുലന്ദ്ശഹർ ഇൻസ്പെക്ടർ വധം: ജവാനെ തേടി പൊലീസ് ജമ്മുവിൽ

ഇൻസ്പെക്ടർ സുബോധ് കുമാർ

ലക്നൗ ∙ ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ കൊല്ലപ്പെട്ട കേസിൽ അഞ്ചു പേരെ കൂടി ഇന്നലെ പിടികൂടിയതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒൻപത് ആയി. ഇതിനിടെ, കൊലപാതകവുമായി ബന്ധമുണ്ടെന്നു കരുതുന്ന ജീതേന്ദ്ര മാലിക് എന്ന പട്ടാളക്കാരനെ പിടികൂടാൻ യുപി പൊലീസ് സംഘം ജമ്മുവിലേക്കു പോയി.

ജീതേന്ദ്ര മാലിക്കിനെ കൂടാതെ ഇന്നലെ അറസ്റ്റിലായവർ ചന്ദ്ര, രോഹിത്, സോനു, നിതിൻ എന്നിവരാണ്. ജീതേന്ദ്ര മാലിക് പ്രഥമ വിവര റിപ്പോർട്ടിൽ 11–ാം പ്രതിയാണ്. പട്ടാളത്തിൽ നിന്ന് അവധിയിൽ വന്ന ഇയാൾ സുബോധ് കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് സംഭവ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിനുശേഷം തിരക്കിട്ടു ജമ്മുവിലേക്കുമടങ്ങി. ഇയാളുടെ ജ്യേഷ്ഠനും പട്ടാളത്തിലാണ്. ഇതേസമയം, മാലിക്കിനെ തേടി വീട്ടിൽ വന്ന പൊലീസ് സംഘം മോശമായി പെരുമാറിയതായി അമ്മയും ഭാര്യ പ്രിയങ്കയും ആരോപിച്ചു. 

ഇതിനിടെ, സുബോധ് കുമാറിനെ സ്ഥലം മാറ്റണമെന്ന് സംഭവത്തിനു രണ്ടു ദിവസം മുൻപ് പ്രാദേശിക ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. ഹിന്ദു സമുദായത്തിന് സുബോധ് കുമാറിന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും മത ചടങ്ങുകൾക്ക് ഇയാൾ തടസ്സം സൃഷ്ടിക്കുന്നുവെന്നുമായിരുന്നു ബിജെപി നേതാക്കൾ സ്ഥലം എംപി ഭോലാ സിങ്ങിനു നൽകിയ കത്തിലെ ആരോപണം. സുബോധ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എംപി കത്ത് എസ്പിക്കു നൽകി.