നോട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക്; പ്രതിഫലിക്കുമോ ഈ വിജയം?

ന്യൂഡൽഹി∙ 5 സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? അഞ്ചിടത്തും കൂടി 83 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റിലും ബിജെപിയാണു വിജയിച്ചത്. അന്നു നരേന്ദ്ര മോദിയുടെ തരംഗമായിരുന്നു ബിജെപിയുടെ മുഖ്യബലം. ആ തരംഗം ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന സൂചനയാണ് ഫലം നൽകുന്നത്. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നു. 

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം അതേപടി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്ന വാദവുമുണ്ട്. 2003 ൽ അടൽ ബിഹാരി വാജ്പേയി സർക്കാർ ഭരിക്കുമ്പോൾ ഇതുപോലെ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും ഡൽഹിയിലും ബിജെപി വിജയിച്ചു. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അതേ വിജയം ആവർത്തിക്കാനായില്ല. 

83 സീറ്റുകൾ എന്നതു ലോക്സഭയിലെ 545 സീറ്റുകളുടെ 20 % മാത്രം. അതുകൊണ്ടുതന്നെ ഈ 20 ശതമാനത്തിലെ വിജയവും പരാജയവും അതേപടി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നില്ല. 2014 ൽ മധ്യപ്രദേശിലെ 29 ലോക്സഭാ സീറ്റിൽ ബിജെപിക്ക് 27 എണ്ണം ലഭിച്ചു. രാജസ്ഥാനിലെ 25 ൽ 25 സീറ്റും ബിജെപി നേടി. തെലങ്കാനയിൽ  ടിആർഎസ് തരംഗത്തിനിടയിലും അന്നു 17 ൽ 2 സീറ്റ് ബിജെപിക്കു കിട്ടി. ഛത്തീസ്‌ഗഡിലെ 11 ൽ 10 ബിജെപി നേടി. കോൺഗ്രസിനു ദുർഗിലെ താമ്രധ്വജ സാഹുവിനെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. (ഇദ്ദേഹം ഇപ്പോൾ നിയമസഭയിലേക്കു ജയിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവുമാണ്). മിസോറമിലെ ഏക ലോക്സഭാ സീറ്റിൽ വിജയിച്ചത് കോൺഗ്രസിന്റെ സി.എൽ. റുവാലയാണ്. 

രാജസ്ഥാനിൽ ഇടക്കാലത്തു നടന്ന 2 ഉപതിരഞ്ഞെടുപ്പിലും ബിജെപിയിൽ നിന്ന് കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തിരുന്നു. അജ്മേറിൽ ഡോ. രഘുശർമയും അൽവറിൽ ഡോ. കരൺസിങ്ങും വിജയിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ 3 സംസ്ഥാനങ്ങളിലും വ്യത്യാസം ഒരു ശതമാനം മാത്രമാണ്.