പൈലറ്റിന്റെ തലപ്പാവിൽ സച്ചിൻ; ഇനി ‘കോ പൈലററ്’

ജയ്പുർ∙ അച്ഛന്റെയും അമ്മയുടെയും രാഷ്ട്രീയ പാരമ്പര്യത്തിന്റെ തണലുണ്ടായിരുന്നു സച്ചിൻ പൈലറ്റിനു തുടക്കത്തിൽ. എന്നാൽ  2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അതൊക്കെ അവസാനിച്ചു. 1,71,973 വോട്ടുകൾക്കാണ് അജ്മേറിൽ ബിജെപി സ്ഥാനാർഥിയോടു തോറ്റത്. അന്ന് അഴിച്ചുവച്ചതാണു ‘സാഫ’ എന്നു രാജസ്ഥാനികൾ വിളിക്കുന്ന തലപ്പാവ്. സംസ്ഥാനത്തു പാർട്ടി വീണ്ടും അധികാരത്തിലേറാതെ അണിയില്ലെന്ന പ്രതിജ്ഞയോടെ. 

പിന്നീടുള്ളതു സമീപകാല കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കഠിനാധ്വാനിയായ പിസിസി പ്രസിഡന്റ് എന്ന നിലയിലേക്കുള്ള ഒരു ചെറുപ്പക്കാരന്റെ വളർച്ചയാണ്. ഇതു കണക്കിലെടുക്കാതെ വയ്യ എന്നതുകൊണ്ടാണു മുഖ്യമന്ത്രിച്ചർച്ച മൂന്നാം ദിവസത്തേക്കു നീണ്ടതും.

മോദി തരംഗത്തിനു തുടക്കം കുറിച്ച 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റിലേക്കു ചുരുങ്ങി ഭരണം നഷ്ടമായതിനു പിന്നാലെ 2014 ജനുവരിയിലാണു സി.പി. ജോഷിയുടെ പിൻഗാമിയായി അന്നു 37 വയസ്സ് മാത്രം പ്രായമുള്ള സച്ചിൻ പിസിസി പ്രസിഡന്റ് ആകുന്നത്. 

പരാജയത്തിന്റെ നിരാശ ബാധിച്ച പ്രവർത്തകരെ താഴേത്തട്ടു മുതൽ വീണ്ടും ഊർജസ്വലരാക്കുകയായിരുന്നു സച്ചിൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിൽ വിജയിച്ചതോടെ ത്രിതല പഞ്ചായത്തുകളിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി പാർട്ടിക്കു മുന്നിലെത്താൻ കഴിഞ്ഞു. 

പിന്നീട് രാജ്യശ്രദ്ധ ആകർഷിച്ച 3 ഉപതിരഞ്ഞെടുപ്പുകൾ. അജ്മേർ അടക്കം 2 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും. വൻ ഭൂരിപക്ഷത്തിനു ഭരിക്കുന്ന പാർട്ടിയെ മലർത്തിയടിച്ചപ്പോൾ വിജയത്തിന്റെ ചുക്കാൻ പിടിച്ച ചെറുപ്പക്കാരനെ രാജ്യം ശ്രദ്ധിച്ചു. 

വ്യോമസേനയിൽ പൈലറ്റും പിന്നീടു കോൺഗ്രസിന്റെ ഉന്നത നേതാക്കളിലൊരാളുമായ രാജേഷ് പൈലറ്റിന്റെയും രമ പൈലറ്റിന്റെയും മകൻ ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്നാണു ബിരുദം നേടിയത്. തുടർന്ന് യുഎസിലെ പ്രശസ്തമായ വാർട്ടൻ ബിസിനസ് സ്കൂളിൽനിന്ന് എംബിഎ. കരിയറിന്റെ തുടക്കം ബിബിസിയുടെ ഡൽഹി ബ്യൂറോയിൽ. പിന്നീട് ജനറൽ‌ മോട്ടോഴ്സിൽ 2 വർഷം.

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പലതവണ ഡൽഹിയെ പ്രതിനിധീകരിച്ചിട്ടുണ്ട് സച്ചിൻ. 1995 ൽ യുഎസിൽ നിന്നു പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ സച്ചിൻ കേന്ദ്രമന്ത്രിയായിരിക്കെ 2012 ൽ ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ് പൈലറ്റ് ആയി. 

2004 ൽ ദോസ മണ്ഡലത്തിൽനിന്നു പാർലമെന്റിലെത്തി. 2009 ൽ അജ്മേറിൽ നിന്നു വീണ്ടും ജയം. കേന്ദ്ര കമ്പനികാര്യ സഹമന്ത്രിയുമായി. ഇത്തവണ ആദ്യമായി നിയമസഭയിലേക്ക്. ടോങ്ക് മണ്ഡലത്തിൽ ബിജെപിയുടെ ശക്തനായ മന്ത്രി യൂനുസ് ഖാനെ 54,179 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.

41 ാം വയസ്സിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ പാർട്ടി പരോക്ഷമായി സൂചിപ്പിക്കുന്നു– കിരീടധാരണത്തിന്റെ ദിനം അകലെയല്ല.