റഫാൽ: സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടന്നാക്രമണം തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിച്ചുവെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമർശം ആയുധമാക്കിയായിരുന്നു രാഹുലിന്റെ ആരോപണം. സിഎജി റിപ്പോർട്ട് പാർലമെന്റിൽ ഇതുവരെ സമർപ്പിച്ചിട്ടില്ല. ഒരുപക്ഷേ, അത് ഫ്രാൻസിലെ പാർലമെന്റിലാവും സർക്കാർ സമർപ്പിച്ചത്.

റിപ്പോർട്ട് പിഎസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ, കോടതി ഉത്തരവിൽ അതു സംബന്ധിച്ച പരാമർശം എവിടെനിന്നു വന്നു? സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്തിന്റെ കാവൽക്കാരൻ എന്നവകാശപ്പെടുന്ന മോദി കള്ളനാണ്. റഫാൽ ഇടപാടിൽ ഇനിയും ഒട്ടേറെ ക്രമക്കേടുകൾ പുറത്തുവരാനുണ്ട്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ കരാറിൽനിന്ന് ഒഴിവാക്കിയത് എന്തിനാണ്? ഇടപാട് സംബന്ധിച്ചു പ്രഖ്യാപനം നടന്ന ഫ്രാൻസിൽ എന്താണു സംഭവിച്ചതെന്നു മോദിക്കു മാത്രമേ അറിയൂ. അന്വേഷണം നടന്നാൽ മോദിയും ഓഫ്സെറ്റ് കരാർ സ്വന്തമാക്കിയ അനിൽ അംബാനിയും ക്രമക്കട് നടത്തിയെന്നതു വ്യക്തമാകുമെന്നും രാഹുൽ പറഞ്ഞു.

സിഎജി റിപ്പോർട്ട് പാർലമെന്റിൽ പോലും സമർപ്പിച്ചിട്ടില്ലെന്നും അതു പിഎസി പരിശോധിച്ചുവെന്ന വാദം വിചിത്രമാണെന്നും ഖർഗെ പ്രതികരിച്ചു.

ഇതേസമയം, അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ റഫാൽ വിഷയം ബിജെപിക്കെതിരായ മുഖ്യ പ്രചാരണായുധമാക്കാൻ ലക്ഷ്യമിട്ടിരുന്ന കോൺഗ്രസിനു കോടതി വിധി ആഘാതമായി. എന്നാൽ, കോടതിയെ സമീപിച്ചതു തങ്ങളല്ലെന്നും ജെപിസി അന്വേഷണത്തിനു വഴങ്ങാൻ മടി കാണിക്കുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

രാഹുൽ മാപ്പ് പറയണം: ഷാ, രാജ്നാഥ്

ന്യൂഡൽഹി ∙ റഫാൽ ഇടപാടിന്റെ പേരിൽ പ്രധാനമന്ത്രിക്കും സർ‌ക്കാരിനുമെതിരെ അഴിമതിയാരോപണമുന്നയിച്ച കോൺഗ്രസ് ‌അധ്യക്ഷൻ രാഹുൽ ഗാന്ധി ജനങ്ങളോടും സായുധസേനയോടും മാപ്പു പറയണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ബിജെപി അധ്യക്ഷൻ അമിത് ഷായും. എവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോ‌പണമുന്നയിച്ചതെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയാറാകണം. സുപ്രീം കോടതിക്കു മുന്നിലെങ്കിലും അക്കാര്യം ‌പറയാൻ കോ‌ൺഗ്രസ് അധ്യക്ഷൻ തയാറാകേണ്ടിയിരുന്നു – അമിത് ഷാ പറഞ്ഞു.