സിആർപിഎഫ് ജവാൻമാർക്ക് അമിതജോലി, അവധിയുമില്ല

സിആർപിഎഫ് ജവാൻ ( ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ജോലിസമയം 12 മുതൽ 14 മണിക്കൂർ വരെ. 80% പേർക്കും ഞായറാഴ്ചകളിൽ പോലും അവധിയില്ല. സിആർപിഎഫ് ജവാൻമാർ അനുഭവിക്കുന്ന ദുരിതത്തിൽ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതി അമ്പരപ്പു രേഖപ്പെടുത്തി. ഇത് ആരോഗ്യകരമോ താങ്ങാവുന്നതോ അല്ലെന്നു സമിതി വിലയിരുത്തി.

അർധസൈനികർക്കു സംസ്ഥാന സർക്കാരുകൾ നൽകുന്ന താമസ സൗകര്യം പലപ്പോഴും വൃത്തിഹീനമാണ്. സുരക്ഷ ഇല്ലാത്തതും വേണ്ടവിധം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് അവ. ഇത് സൈനികരുടെ ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നതാണ്– സമിതി രാജ്യസഭയ്ക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ തൊഴിൽ നിയമം നിർദേശിക്കുന്നത് ആഴ്ചയിൽ 48 മണിക്കൂർ ജോലിയാണ്. പക്ഷേ, അർധസൈനിക വിഭാഗങ്ങൾക്ക് ഇത് ബാധകമാകുന്നില്ല. 24 മണിക്കൂറും ജാഗ്രത പുലർത്തേണ്ട ഇവർക്ക് ഞായറാഴ്ച അവധി പോലും ലഭിക്കാതാകുമ്പോൾ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാകുന്നു–സമിതി ചൂണ്ടിക്കാട്ടി.