റഫാൽ: സിഎജി റിപ്പോർട്ടിന്റെ കരട് പ്രതിരോധ മന്ത്രാലയത്തിന്

ന്യൂഡൽഹി ∙ റഫാൽ യുദ്ധ വിമാന ഇടപാടിനെക്കുറിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിന്റെ ആദ്യ കരട് പ്രതിരോധ മന്ത്രാലയത്തിനു ലഭ്യമാക്കിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങും മുൻപു റിപ്പോർട്ടിന്റെ അന്തിമ രൂപം തയാറാകുമെന്നാണു സൂചന. ആദ്യ കരടിനു മന്ത്രാലയം നൽകുന്ന മറുപടിക്കു ശേഷം അടുത്ത കരട് തയാറാക്കും. അതിനുശേഷവും നിലപാടു വിശദീകരിക്കാൻ അവസരം നൽകും. അതുകൂടി കണക്കിലെടുത്താവും അന്തിമ റിപ്പോർട്ട്.

ഇംഗ്ലിഷിൽ തയാറാക്കുന്ന റിപ്പോർട്ടിന്റെ ഹിന്ദി പരിഭാഷ കൂടി ലഭിച്ച ശേഷമാണു പാർലമെന്റിൽ വയ്ക്കുക. തന്ത്രപ്രധാന വിഷയങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളിൽ പരസ്യപ്പെടുത്താൻ പറ്റാത്ത വിവരങ്ങൾ മറച്ചാണ് പാർലമെന്റിൽ വയ്ക്കുക. പാർലമെന്റാണ് റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) പരിശോധനയ്ക്ക് വിടുന്നത്. റഫാൽ വിഷയത്തിൽ ഇതെല്ലാം സംഭവിച്ചു കഴിഞ്ഞെന്നാണു സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിയിൽ പറഞ്ഞത്. നടക്കാൻ പോകുന്നതായി തങ്ങൾ പറഞ്ഞ കാര്യങ്ങൾ, നടന്നതായി കോടതി തെറ്റായി വ്യാഖ്യാനിച്ചെന്നാണു സർക്കാർ നിലപാട്.

എന്താണ് സംഭവിച്ചത് എന്നതിൽ കോടതിയുടെ വ്യാഖ്യാനം പുറത്തുവന്നിട്ടില്ല. വിധിയിൽ വന്ന തെറ്റുകൾ തിരുത്തണമെന്ന് സർക്കാർ അപേക്ഷ നൽകിയിരുന്നു. കോടതിക്ക് അടുത്ത മാസം 2വരെ അവധിയാണ്. അവധിക്കു ശേഷമേ അപേക്ഷ പരിഗണിക്കൂ.