ഗർഭിണിക്ക് എച്ച്ഐവി: വിഷംകഴിച്ച രക്തദാതാവ് മരിച്ചു

ചെന്നൈ∙ സാത്തൂർ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച ഗർഭിണി എച്ച്ഐവി ബാധിതയായതിനെ തുടർന്നു വിഷം കഴിച്ച രക്തദാതാവ് മരിച്ചു. 3 ദിവസമായി ചികിൽസയിലായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ മധുര രാജാജി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.

എച്ച്ഐവി ബാധിതനെന്ന് അറിയുന്നതിനു മുൻപു രക്തദാനം നടത്തിയ യുവാവ്, രോഗബാധ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ അറിയിച്ചിരുന്നു. എന്നാൽ അതിനു മുൻപേ യുവാവിന്റെ രക്തം ഗർഭിണിക്കു നൽകി.

അതേസമയം സേലം സർക്കാർ ആശുപത്രിയിൽ നിന്നു രക്തം സ്വീകരിച്ച ശേഷം എച്ച്ഐവി ബാധിതയായെന്ന ആരോപണവുമായി മേട്ടൂർ സ്വദേശിനികൂടി രംഗത്ത്. ആശുപത്രി അധികൃതർ ആരോപണം തള്ളി. കിൽപോക് മെഡിക്കൽ കോളജ്, ശിവകാശി മാനാമധുരൈയിലെ സ്വകാര്യ ആശുപത്രി എന്നിവയ്ക്കെതിരെ കഴിഞ്ഞദിവസം 2 യുവതികൾ സമാന ആരോപണം ഉയർത്തിയിരുന്നു.