Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറന്റ് തള്ളി: പോർവിളിച്ച് കർണൻ

PTI3_11_2017_000256A

കൊൽക്കത്ത∙ രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ വിവാദ ന്യായാധിപൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി.

തനിക്കെതിരെ നടപടിയെടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാർ 14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ‘ഉത്തരവിടുക’യും ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി വാറന്റ് പുറപ്പെടുവിക്കുന്നതെങ്കിൽ, ജഡ്ജി ആ വാറന്റ് നിഷേധിച്ചതും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സമാനതയില്ലാത്ത സംഭവമായി.


കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതി കഴിഞ്ഞ 10ന് ജാമ്യം നൽകാൻ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് 31 ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു.

വാറന്റ്, ജസ്റ്റിസ് കർണനു നേരിട്ടു നൽകാൻ ബംഗാൾ ഡിജിപിയോടു കോടതി ഉത്തരവിടുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ ജസ്റ്റിസ് കർണന്റെ കൊൽക്കത്തിയിലെ വസതിയിൽ ഇന്നലെ രാവിലെ ഡിജിപി: സുരജിത് കൗർ പുരകയസ്ത, കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ, ഡിഐജി (സിഐഡി): രജേഷ് കുമാർ എന്നിവരാണ് എത്തിയത്.

വാറന്റ് ജസ്റ്റിസ് കർണനു നൽകിയതായി പൊലിസ് അറിയിപ്പും പിന്നാലെയെത്തി.  എന്നാൽ, ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിനും മറ്റു ജഡ്ജിമാർക്കും അയച്ച കത്തിൽ വാറന്റ് താൻ തള്ളിക്കളഞ്ഞതായി ജസ്റ്റിസ് കർണൻ അറിയിച്ചു.

തനിക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ച ഭരണഘടനാ ബെഞ്ച് ‘ഭരണഘടനാ വിരുദ്ധമാണെന്നും’ അതു പിരിച്ചുവിടണമെന്നും കർണൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ജോലികൾ ചെയ്യാൻ അനുവദിക്കണം. ഭരണഘടനാ ബെഞ്ചിലെ ന്യായാധിപൻമാരുടെ നടപടികൾ മൂലം മാർച്ച് എട്ടു മുതൽ തനിക്കു ജോലി ചെയ്യാൻ സാധിക്കുന്നില്ല.

മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കിയതിനും സാധാരണ ജീവിതം തടസ്സപ്പെടുത്തിയതിനും പൊതുസമൂഹത്തിനു മുമ്പാകെ തന്നെ അവഹേളിച്ചതിനുമുള്ള നഷ്ടപരിഹാരമെന്ന നിലയിലാണ് 14 കോടി രൂപ ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു. ഉത്തരവു കിട്ടി ഏഴു ദിവസത്തിനകം നഷ്ടപരിഹാരത്തുകയുടെ ആദ്യ ഭാഗം നൽകണമെന്നും കത്തിൽ ‘ഉത്തരവിട്ടുണ്ട്.’

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ ഉത്തരവു വന്നപ്പോൾ തന്നെ ജസ്റ്റിസ് കർണൻ അതു തള്ളിക്കളഞ്ഞിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, ദീപക് മിശ്ര, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, പി.സി.ഘോഷ്, കുര്യൻ ജോസഫ് എന്നിവരാണു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്ന് മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊൽക്കത്തയിലെത്തുകയായിരുന്നു.

ഇനി ജാമ്യമില്ലാ വാറന്റ്

വാറന്റ് സ്വീകരിക്കുന്നില്ലെന്ന പ്രഖ്യാപനത്തോടെ ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

ഇതേസമയം, സുപ്രീം കോടതിയും ഹൈക്കോടതിയും ഭരണഘടനാ കോടതികളാണെന്നും ഹൈക്കോടതിയിലെ സിറ്റിങ് ജഡ്‌ജിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നത് ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്നുമുള്ള വാദവും ശക്തമാണ്. എന്നാൽ, ജഡ്‌ജിക്കെതിരെയല്ല, കർണൻ എന്ന വ്യക്തിക്കെതിരെയാണ് നടപടിയെന്നാണു നിയമവൃത്തങ്ങളിലെ വാദം.

Your Rating: