‘സ്മോൾ’ ഇല്ലെങ്കിൽദേശീയപാത വേണ്ടെന്ന് മറാഠി ഗ്രാമങ്ങൾ

മുംബൈ ∙ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപനശാലകൾ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ മഹാരാഷ്ട്രയിലെ ഗ്രാമീണർ ഒരു ‘സ്മോൾ’ കുറുക്കുവഴി തേടി. ഉത്തരവ് ‘ബാധിക്കാനിടയുള്ള’ ഒട്ടേറെ ഗ്രാമങ്ങളിൽനിന്ന് പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത വികസന അതോറിറ്റിയുടെയും മുന്നിൽ വന്നിരിക്കുന്ന ആവശ്യമിങ്ങനെ– ദേശീയ, സംസ്ഥാനപാതകളുടെ അലൈൻമെന്റ് മാറ്റണം.

ദേശീയ, സംസ്ഥാനപാതകൾ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മതപരമായ ആഘോഷങ്ങൾക്കു തടസ്സമാകുമെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നുമുള്ള കാരണങ്ങളാണു പുറമേ പറയുന്നതെങ്കിലും യഥാർഥ കാരണം കോടതി വിധിയാണെന്നു കരുതുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

ചില ഗ്രാമപ്രതിനിധികളാകട്ടെ തങ്ങളുടെ ആവശ്യത്തിനു കാരണം കോടതിവിധിയാണെന്നു തുറന്നുസമ്മതിച്ചിട്ടുമുണ്ട്. ഉത്തരവ് നടപ്പാക്കുന്നതോടെ മഹാരാഷ്ട്രയിൽ മാത്രം പതിനയ്യായിരത്തോളം ബാറുകളും മദ്യവിൽപനകേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരും.

പാതകൾ മാറ്റണമെന്ന് ചിലയിടങ്ങളിൽനിന്ന് ആവശ്യമുയർന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീലും വ്യക്തമാക്കി. ഇതേപ്പറ്റി വിശദമായി പഠിച്ച് റിപ്പോർട്ട് തരാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി.