Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ റെഡ്ഡിയുടെ നിയമനം: നടപടിക്ക് ഘടകങ്ങളുണ്ടോയെന്നു ഹൈക്കോടതി

N Sankar Reddy ശങ്കർ റെഡ്ഡി

കൊച്ചി ∙ മുൻസർക്കാർ എൻ. ശങ്കർ റെഡ്ഡിയെ ഡിജിപിയായി നിയമിച്ചതിൽ ക്രമക്കേട് ആരോപിക്കുന്ന പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം നടപടിക്കു ഘടകങ്ങളുണ്ടോ എന്നു ഹൈക്കോടതി. സത്യസന്ധമായ പ്രോസിക്യൂഷൻ ലക്ഷ്യമിട്ട പരാതികളും രാഷ്ട്രീയ, വ്യക്തിഗത നേട്ടങ്ങൾക്കായുള്ള പരാതികളും തിരിച്ചറിയാൻ വിജിലൻസിനു കഴിയണമെന്നു പറഞ്ഞ കോടതി, തൽക്കാലം അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്നു വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥൻ ബാഹ്യപരിഗണനകൾക്കു വശംവദനാകരുതെന്നു മുന്നറിയിപ്പും നൽകി. ഡിജിപി റാങ്ക് നൽകി, ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി പ്രാഥമികാന്വേഷണം നിർദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണു കോടതിയിലുള്ളത്. ശങ്കർ റെഡ്ഡിയെ കൂടാതെ നാലു പേർക്കു കൂടി ഡിജിപി സ്ഥാനക്കയറ്റം നൽകിയതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ചു സർക്കാർ അഭിപ്രായം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ബാർ കോഴ ഉൾപ്പെടെ പ്രധാന കേസുകളുടെ അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിൽ ശങ്കർ റെഡ്ഡിക്കു സ്ഥാനക്കയറ്റം നൽകിയെന്നാരോപിച്ചു പായിച്ചിറ നവാസ് നൽകിയ പരാതിയിലാണു വിജിലൻസ് കോടതി 2016 ഡിസംബർ 30ന് ഉത്തരവിട്ടത്.

അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പരാതി. എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെട്ടിട്ടുണ്ടോ എന്നും എന്തു കുറ്റമാണു വിജിലൻസ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു. മുൻ സർക്കാർ ഒരു പൊലീസ് ഓഫിസർക്കു സ്ഥാനക്കയറ്റം നൽകിയതിലാണു പരാതി. മറ്റു ചിലർക്കും സമാന പ്രമോഷൻ നൽകിയതായി പറയുന്നെങ്കിലും പരാതിയിൽ ഇക്കാര്യമില്ല. അങ്ങനെയെങ്കിൽ സംശയത്തിനിടയുണ്ടെന്നു കോടതി പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. ഹർജിയിൽ പരാതിക്കാരനെ കക്ഷിചേർക്കാനും നിർദേശിച്ചു. പരാതിയിലെ ആരോപണം മുഖവിലയ്ക്കെടുത്താൽ പോലും കുറ്റകൃത്യങ്ങളൊന്നും വെളിപ്പെടുന്നില്ലെന്ന് ആരോപിച്ചാണു രമേശിന്റെ ഹർജി. തൽപരകക്ഷികളായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രേരണയിലാണു പരാതിയെന്നും ആക്ഷേപമുണ്ട്.

Your Rating: