Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിനു മുൻപേ കേരളം വരണ്ടു; അണക്കെട്ടുകളിൽ പാതി വെള്ളം; കൃഷിനാശം, ജലക്ഷാമം വ്യാപകം

draught (ഫയൽ ചിത്രം)

വേനൽ എത്തുംമുൻപേ സംസ്ഥാനം കടുത്ത വരൾച്ചയിൽ വരണ്ടുതുടങ്ങി. വിവിധ ജില്ലകളിൽ അണക്കെട്ടുകൾ വറ്റിത്തുടങ്ങിയതോടെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലായി. തെക്കൻ ജില്ലകളിലാണു വരൾച്ച ശക്തം.

ശുദ്ധജലക്ഷാമവും കൃഷിനാശവും വ്യാപകമാണ്. വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 46 ശതമാനം വെള്ളമേയുള്ളൂ; ഇടുക്കിയിൽ 38% മാത്രം. വരൾച്ച മുന്നിൽക്കണ്ടുള്ള അടിയന്തര നടപടികൾ ഇതേവരെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല.

അതേസമയം, ശുദ്ധജലം എത്തിക്കുന്നതിന് 12.47 കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാർ അണക്കെട്ടിലും തലസ്ഥാന നഗരത്തിന്റെ ജലസ്രോതസ്സായ പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നു. മലയോര മേഖലയിലെ നീർച്ചാലുകളും വറ്റി. കൊല്ലം നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ജലസ്രോതസ്സായ ശാസ്താംകോട്ട തടാകം വറ്റി.

ജലനിരപ്പ് മൈനസ് 101 സെന്റീമീറ്ററിലും താഴെയാണ്. കഴിഞ്ഞവർഷം ഈ സമയം ഇതിന്റെ മൂന്നിരട്ടിയിലേറെ വെള്ളമുണ്ടായിരുന്നു. തെന്മല അണക്കെട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല. കല്ലടയാറ്റിൽ കഴിഞ്ഞ വർഷം മാർച്ചിലെ ജലനിരപ്പാണിപ്പോൾ. മലയോരമേഖലകൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലും ശുദ്ധജല സ്രോതസ്സുകൾ വരണ്ടു.

ആലപ്പുഴയിൽ വേമ്പനാട്ടുകായലിൽ ഉപ്പുവെള്ളത്തിന്റെ ഭീഷണിയുണ്ട്. കുഴൽക്കിണറുകളിലും വെള്ളമില്ല. കുട്ടനാട്ടിലും ഓണാട്ടുകരയിലും കൃഷി പ്രതിസന്ധിയിലാണ്. ചെങ്ങന്നൂർ മേഖലയിൽ 2600 ഹെക്ടർ കൃഷി വെള്ളം കിട്ടാതെ ഉണങ്ങി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഭൂഗർഭജലത്തിന്റെ അളവ് താഴ്ന്നു.

പുഴകൾ മിക്കതും വരണ്ടു. മലയോരമേഖലയിൽ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഇടുക്കിയിൽ ഹൈറേഞ്ചിലാണ് വരൾച്ച അതിരൂക്ഷം. പലയിടത്തും ഏലം, കുരുമുളക് കൃഷി കരിഞ്ഞുണങ്ങി. അണക്കെട്ടുകളിലെ ശേഖരം: നേര്യമംഗലം (47%), ലോവർ പെരിയാർ (45%), മാട്ടുപ്പെട്ടി (63%), ആനയിറങ്കൽ (37%).

പാലക്കാട്ട് മലമ്പുഴ അണക്കെട്ടിൽ വെള്ളമുള്ളതിനാൽ കുടിവെള്ള വിതരണത്തിനു തടസ്സമില്ല. ചിറ്റൂർപ്പുഴയിലും പ്രശ്നങ്ങളില്ലെങ്കിലും ആളിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം തമിഴ്നാട് വെട്ടിക്കുറയ്ക്കുന്നതിനാൽ വരും മാസങ്ങളിൽ പ്രതിസന്ധി നേരിട്ടേക്കാം. വെള്ളം ലഭിക്കാത്തതിനാൽ 7,000 ഹെക്ടർ െനൽകൃഷി നശിച്ചതായാണ് കണക്ക്.

മലപ്പുറം ജില്ലയിൽ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നിർത്തി. കോൾ നിലങ്ങളിലടക്കം വെള്ളം കിട്ടാതെ നെൽകൃഷി ഉണങ്ങി. തൃശൂർ ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ പീച്ചി, ചിമ്മിനി, പൂമല, പത്താഴക്കുണ്ട്, പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഷോളയാർ ഒഴികെയുള്ളവയിൽ ജലനിരപ്പ് താണു.

പീച്ചി ഡാമിൽ ഷട്ടർ തുറന്നുവിടാൻ കഴിയാത്തതിനാൽ വൈദ്യുതോൽപാദനം നടക്കുന്നില്ല. ചിമ്മിനി ഡാമിൽ നാമമാത്രമാണ് വൈദ്യുതോൽപാദനം. കോഴിക്കോട് ജില്ലയിൽ പെരുവണ്ണാമൂഴി അണക്കെട്ടിൽ നിലവിൽ വെള്ളമുണ്ടെങ്കിലും കക്കയം ഡാമിൽ താഴ്ന്നു. ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും വറ്റി.

വയനാട് ജില്ലയിൽ കിണറുകളിലേറെയും വെള്ളമുണ്ടെങ്കിലും വരൾച്ച കൃഷിയെ ബാധിച്ചിട്ട‍ുണ്ട്. കണ്ണൂർ ജില്ലയിലെ ശുദ്ധജല സ്രോതസ്സുകൾ വറ്റിയിട്ടില്ല. എല്ലാ തദ്ദേശ വാർഡുകളിലും 10,000 ലീറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കുകളുടെ വാട്ടർ കിയോസ്കുകൾ വയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കാസർകോട് ജില്ലയിലെ പ്രധാന സ്രോതസ്സുകളിൽ ജലലഭ്യത കുറഞ്ഞു.