Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളം: ടെൻഡർ നടപടികൾ സുതാര്യമെന്ന് എംഡി

കണ്ണൂർ ∙ വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ ടെൻഡറിൽ തിരിമറി നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും ടെൻഡർ നടപടികൾ തീർത്തും സുതാര്യമാണെന്നും കണ്ണൂർ വിമാനത്താവളം മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

യാത്രക്കാരുടെ ബാഗേജുകൾ പരിശോധിക്കുന്നതിന് എക്സ്റേ ബാഗേജ് ഇൻസ്പെക്‌ഷൻ സിസ്റ്റംസ് എന്ന ഉപകരണ ശൃംഖലയ്ക്കായി സ്റ്റാൻഡേർഡ് രണ്ട് ടൈപ്പ് എക്സ്റേ മെഷീനുകൾക്കാണ് 2016 നവംബർ 21നു കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ആദ്യം ടെൻഡർ ക്ഷണിച്ചത്. എന്നാൽ ഇതനുസരിച്ച് ഒരേയൊരു കമ്പനി മാത്രമേ ടെൻഡർ നൽകിയുള്ളൂ. അതുകൊണ്ടാണു കിയാൽ ഇൗ ടെൻഡർ റദ്ദാക്കിയത്.

അല്ലാതെ മറ്റൊരു കാരണവുമില്ല. തുടർന്നു മാർച്ച് മൂന്നിനു സ്റ്റാൻഡേർഡ് മൂന്ന് ടൈപ്പ് എക്സ്റേ ബാഗേജ് ഇൻസ്പെക്‌ഷൻ സിസ്റ്റംസിനു പുതിയ ടെൻഡർ ക്ഷണിക്കുകയാണുണ്ടായത്. ഈ പുതിയ ടെൻഡർ ക്ഷണിച്ചത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായിത്തന്നെയാണ്.

സ്റ്റാൻഡേർഡ് മൂന്ന് ടൈപ്പ് എക്സ്റേ മെഷീനുകളും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സൊസൈറ്റിയുടെ (ബിസിഎഎസ്) മാനദണ്ഡങ്ങളനുസരിച്ചുള്ള ഉപകരണങ്ങൾ തന്നെയാണ്. ഈ ടൈപ്പ് എക്സ്റേ മെഷീനുകൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യതന്നെ ഈയിടെ അവരുടെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള പുതിയ ടെൻഡറുകളിൽ പരിഗണിച്ചിട്ടുള്ളതുമാണ്. 

വസ്തുത ഇതായിരിക്കെ മറിച്ചുള്ള വാർത്തകൾ ശരിയല്ല. കിയാൽ, പുതിയ ടെൻഡർ ക്ഷണിച്ചതിനോട് ഇപ്പോൾ അഞ്ചു കമ്പനികൾ പ്രതികരിച്ചിട്ടുണ്ട്. ഈ ടെൻഡറുകളുടെ സാങ്കേതിക പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

Your Rating: