Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപദേശിക്കാൻ മുഖ്യമന്ത്രി യോഗ്യനാണെന്ന് കാനം പറഞ്ഞതിൽ സന്തോഷം: ഇ.പി.ജയരാജൻ

പാപ്പിനിശ്ശേരി (കണ്ണൂർ) ∙ ഗോപുരത്തിലുള്ളവർക്ക് എങ്ങനെ മറുപടി നൽകുമെന്ന് ഇ.പി.ജയരാജൻ. ഞാനും എം.എം.മണിയുമൊക്ക സാധാരണക്കാർ. അവരുടെ ഭാഷയേ ഞങ്ങൾക്കറിയൂ. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണങ്ങൾക്ക് പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് മറുപടി പറയുകയായിരുന്നു ഇ.പി.ജയരാജൻ. മുന്നണി സംവിധാനത്തിനു നിരക്കാത്ത നിലയിൽ ഇവർ ആരോപണങ്ങൾ ഉന്നയിക്കുന്നു.

ഇതു കുറേക്കാലമായി പരിധി വിട്ട് തുടരുന്നതിനാലാണ് ഫെയ്സ് ബുക്കിലൂടെ ഞാൻ പ്രതികരിച്ചത്. ഉപദേശിക്കേണ്ടതു മുഖ്യമന്ത്രിയാണെന്നു കാനത്തിന് ബോധ്യം വന്നതിൽ സന്തോഷിക്കുന്നു. മുന്നണിയിൽ പ്രശ്നം ചർച്ച ചെയ്യാതെ പരസ്യമായി ചെയ്യുന്ന നിലപാട് ശരിയാണോ. സിപിഐയുടെ വകുപ്പിനെ കുറിച്ച് എനിക്കുള്ള വിമർശനം പൊതുവായി പറഞ്ഞാൽ ശരിയാവുമോ.

മറ്റുള്ളവർക്കു പ്രശ്നം ഉണ്ടാക്കാൻ അവസരം നൽകുകയാണു ചെയ്യുന്നത്. കുടിയേറ്റക്കാർ മുഴുവൻ കയ്യേറ്റക്കാരാണെന്നു പറയുന്ന നിലയിലെത്തിയിരിക്കുന്നു ചിലർ. കൃഷിക്കാരനു ഭൂമി നൽകുക എന്നതു തന്നെയാണു സർക്കാർ നയം. ഉദ്യോഗസ്ഥർ അതതു സമയത്തെ സർക്കാരിന്റെ നയം നടപ്പാക്കേണ്ടവരാണ്.

ഭൂമി സംബന്ധിച്ച് കൃത്യമായി നിലപാടു സ്വീകരിച്ച് പ്രവർത്തിക്കാൻ സർക്കാരിനു കഴിയും. ശ്രീവാസ്തവയെ കുറിച്ച് പറയുമ്പോൾ കരുണാകരനെയല്ല, ഈച്ചരവാരിയരെയും രാജനെയും ഓർക്കുന്നതാണു നല്ലത്. മുൻ ഭരണത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നാണ് ആരോപണം.

ഇപ്പോൾ ഭരണക്കാരെ സംരക്ഷിക്കാതെ വ്യത്യസ്തമായതും നിഷ്പക്ഷവുമാണു പൊലീസ് നയം. നക്സൽ വർഗീസ് പ്രശ്നത്തിൽ സിപിഐ എന്ത് നിലപാട് എടുത്തു എന്നതു മാത്രമല്ല ആ കാലഘട്ടത്തിൽ ഭരണത്തിൽ എവിടെയായിരുന്നു ഇവർ എന്നും ഓർക്കണം. രാജൻ കേസിലും ഇതു തന്നെയാണു സ്ഥിതി.

സിപിഎം പഴയ നിലപാടിൽ നിന്നു വ്യതിചലിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായിയുടെ തലയ്ക്ക് ആർഎസ്എസ് വിലപറഞ്ഞു നടക്കുന്ന തരത്തിലുള്ള വർഗീയ ഭീകരത രാജ്യത്തു നടമാടുന്നു. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷം ദുർബലപ്പെടാൻ ഇടയാക്കുന്നതു ശരിയാണോ എന്നതാണു ചോദ്യമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Your Rating: