Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കോൺ. നേതാക്കൾ ബിജെപിയിൽ ചേരുന്നില്ല: വെങ്കയ്യ

തിരുവനന്തപുരം∙ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇതു സംബന്ധിച്ച് ഒരു നീക്കവും ബിജെപി നേതൃത്വം നടത്തുന്നില്ല. ബുദ്ധിയുള്ള കോൺഗ്രസുകാർ കോൺഗ്രസിൽ തുടരില്ല. അതു മുങ്ങുന്ന കപ്പലാണ്. ശശിതരൂർ ബുദ്ധിമാനാണ്. എന്നുവച്ച്, അദ്ദേഹം ബിജെപിയിൽ ചേരണമെന്നില്ല. കേരളത്തിൽ എഡിഎ വികസിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.

ന്യൂനപക്ഷങ്ങളെക്കൂടി എൻഡിഎയുമായി സഹകരിപ്പിക്കും. കോൺഗ്രസുകാർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചു സംശയം തോന്നിയത് അവർ തിരഞ്ഞെടുപ്പിൽ തോൽക്കാൻ തുടങ്ങിയ ശേഷമാണ്. 2004ലും 2009ലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ വോട്ടിങ് യന്ത്രത്തിനു കുറ്റമില്ലായിരുന്നു.

2014ൽ തോറ്റപ്പോൾ കുറ്റമായി. യുപി തിരഞ്ഞെടുപ്പിൽക്കൂടി തോറ്റപ്പോൾ സർവത്ര കുറ്റമായി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി കോൺഗ്രസ് ഏറ്റെടുക്കണം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയും വോട്ടിങ് മെഷീനുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംസ്ഥാനത്തു വന്ന 120 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണു തന്റെ സന്ദർശനമെന്നും നായിഡു പറഞ്ഞു.

Your Rating: