Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിലേക്കു വിമാന സർവീസ്: 27ന് വിമാ‌ന കമ്പനികളുമായി ചർച്ച

ന്യൂഡൽഹി ∙ കണ്ണൂർ വിമാനത്താവളത്തിലേക്കു സർവീസ് നടത്തുന്നതു സംബന്ധിച്ച് ഈ മാസം 27ന് ആഭ്യന്തര വിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചർച്ച നടത്തും. ഇതിൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ പിന്നീടു നടക്കുന്ന ചർച്ചകളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. കോഴിക്കോട്ട് വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യം പരിശോധിക്കുന്നതിനായി ഡിജിസിഎ, എയർപോർട്ട് അതോറിറ്റി പ്രതിനിധികൾ അടുത്തയാഴ്ച കോഴിക്കോട്ട് എത്തും.

കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ലഭിക്കേണ്ട വിവിധ ക്ലിയറൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി മുഖ്യമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബിസിഎഎസ്, എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയിൽ നിന്നു ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും മുഖ്യമന്ത്രി ചർച്ചചെയ്തു.

ശബരിമലയിൽ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു.