Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവ്: അർബുദ രോഗികൾക്കുള്ള പെൻഷൻ മുടങ്ങി

കോട്ടയം ∙ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിനെ തുടർന്നു സംസ്ഥാനത്തെ ഭൂരിഭാഗം പാവപ്പെട്ട അർബുദ രോഗികൾക്കുമുള്ള പെൻഷൻ മുടങ്ങി. അർബുദ രോഗികൾക്കു സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ റജിസ്റ്റേഡ് അർബുദരോഗ വിദഗ്ധർക്കു മാത്രമായി ചുരുക്കിയുള്ള ഉത്തരവാണു രോഗികളെ വലയ്ക്കുന്നത്.

മറ്റു സർക്കാർ–സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടുന്നവർ ഇതോടെ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളിലെത്തി സർട്ടിഫിക്കറ്റ് നേടേണ്ട അവസ്ഥയിലാണ്. മുൻ സർക്കാരിന്റെ കാലത്തു സർക്കാർ–സ്വകാര്യ ആശുപത്രികളിൽ ചികിൽസിക്കുന്ന, വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ള എല്ലാ അർബുദരോഗികൾക്കും 1000 രൂപ പെൻഷൻ ലഭിച്ചിരുന്നതാണ്. പെൻഷൻ അതതു താലൂക്ക് ഓഫിസുകളിൽ എത്തി തുടർന്നു മണിയോർഡറായി രോഗിക്കു നേരിട്ട് അയച്ചുകൊടുക്കുകയാണു ചെയ്തിരുന്നത്.

ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റിന്റെയും ചികിൽസ നടത്തുന്ന ആശുപത്രികളിലെ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ ലഭിച്ചുകൊണ്ടിരുന്ന പെൻഷനാണു പുതിയ പരിഷ്കാരത്തെ തുടർന്നു മുടങ്ങിയത്. താലൂക്ക് ഓഫിസുകളിൽ എത്തിയ പണംപോലും പുതിയ ഉത്തരവിന്റെ പേരിൽ തടഞ്ഞുവച്ചു.

Your Rating: