Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌യു ഉപരോധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാൻ നീക്കം

കൽപറ്റ ∙ കെഎസ്‌യു പ്രവർത്തകരു‌ടെ ഡിഡിഇ ഓഫിസ് ഉപരോധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ കേസെ‌ടുക്കാനുള്ള നീക്കം വിവാദങ്ങൾക്കു കാരണമായി. ജനപ്രതിനിധികൾ ഇടപെട്ടതോടെ മാധ്യമപ്രവർത്തകർക്കെതിരെ കേസുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് കെഎസ്‌യു പ്രവർത്തകർ ജീവനക്കാരെ ഉപരോധിച്ചത്. വിവരമറിഞ്ഞ് പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ ഡിഡിഇ ഓഫിസിൽ നിന്നു നൽകിയ പരാതിയിൽ കണ്ടാലറിയുന്ന കെഎസ്‌യു പ്രവർത്തകരും മാധ്യമപ്രവർത്തകരും ഓഫിസിൽ അതിക്രമിച്ചു കയറി എന്നു പരാമർശമുണ്ടായിരുന്നു.

ഈ പരാതി പ്രകാരം പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരെയും എഫ്ഐആറിൽ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

എന്നാൽ, സമരം നടക്കുന്ന സമയത്ത് താൻ ജില്ലാ പഞ്ചായത്തിൽ ഒരു യോഗത്തിൽ ആയിരുന്നുവെന്നും സഹപ്രവർത്തകയായ അഡിമിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് കെ.കെ. ഉഷാകുമാരി നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നെന്നും ഡിഡിഇ പി.പി. തങ്കം പറഞ്ഞു.

സമരക്കാരോടൊപ്പം മാധ്യമ പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.കെ. ഉഷാകുമാരി പറയുന്നു.

മാധ്യമപ്രവർത്തകർ ജോലിയുടെ ഭാഗമായാണ് ഓഫിസിൽ വന്നതെന്ന ഔദ്യോഗിക വിശദീകരണം ഡിഡിഇ ഓഫിസിൽ നിന്നു നൽകിയതോടെ കേസിൽ നിന്ന് മാധ്യമപ്രവർത്തകരെ ഒഴിവാക്കുമെന്ന് പൊലീസ് പറഞ്ഞു. സി.കെ. ശശീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു.