Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാഭരണം; അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും കാണിക്കവഞ്ചികൾ പൊട്ടിച്ചും പരിശോധന

അമ്പലപ്പുഴ ∙ ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവാഭരണത്തിൽ നിന്നു മാലയും പതക്കവും കാണാതായ സംഭവത്തിൽ പൊലീസ് ക്ഷേത്രപരിസരത്തു മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധന നടത്തി. ഇതിന്റെ ഭാഗമായി കാണിക്കവഞ്ചികൾ പൊട്ടിച്ചും പരിശോധന നടത്തി.

അന്വേഷണ സംഘം ഇന്നലെ ജീവനക്കാരുടെ മൊഴിയെടുത്തു. ആഭരണങ്ങൾ എന്നാണ് നഷ്ടപ്പെട്ടതെന്നതു സംബന്ധിച്ചു ദേവസ്വം വിജിലൻസ് സംഘത്തിനും പൊലീസിനും ഇതുവരെ കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. വിഗ്രഹത്തിൽ ചാർത്തിയ ശേഷം മാറ്റുന്ന പൂമാലകൾ ഇടുന്ന ക്ഷേത്രവളപ്പിലെ കുഴിയിലും ക്ഷേത്രപരിസരത്തുമാണ് ബോംബ് സ്ക്വാഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധന നടത്തിയത്.

തിരുവാഭരണം കമ്മിഷണർ എസ്. പാർവതി, വിജിലൻസ് എസ്പി രതീഷ് കൃഷ്ണൻ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ എസ്. ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണു ക്ഷേത്രത്തിനുള്ളിലും സ്ട്രോങ് മുറികളിലും ദേവസ്വം ഓഫിസിലും തെളിവെടുപ്പു തുടരുന്നത്.

അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ മേൽശാന്തിമാരെ കൂടാതെ 25 ജീവനക്കാരുടെയും മൊഴിയെടുത്തു. സ്ട്രോങ് മുറികളുടെ സംരക്ഷണം കേവലം മൂന്നു ഗാർഡുമാരിൽ മാത്രമാക്കിയതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചു. തിരുവാഭരണം അടക്കമുള്ള ആഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ലെന്നാണു പൊലീസിന്റെ അഭിപ്രായം.

മന്ത്രി ജി.സുധാകരൻ ക്ഷേത്രം സന്ദർശിച്ചതിനു പുറമെ സ്ട്രോങ് മുറിയിലെത്തി ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തിരുവാഭരണത്തിന്റെ ഭാഗമായ പതക്കം കാണാതായതു ഞെട്ടിച്ചുവെന്നും വെളിയിൽ നിന്ന് ഒരാൾ വന്നു മോഷ്ടിച്ചതാവില്ലെന്നും ഒന്നും പുറത്തേക്കു കൊണ്ടുപോയിട്ടില്ലെന്നും ജി.സുധാകരൻ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സർക്കാരിന് എതിരില്ലെന്നും ദേവസ്വംബോർഡ് എന്ത് ആവശ്യപ്പെട്ടാലും ചെയ്തു നൽകുമെന്നും സുധാകരൻ പറഞ്ഞു.

related stories