Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിർന്ന പൗരന് സേവനം; വിധി മാനിച്ചില്ല; ഗ്യാസ് ഏജൻസി ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ഉപഭോക്തൃ ഫോറം

കൊച്ചി ∙ മുതിർന്ന പൗരനു നൽകേണ്ട സേവനത്തിൽ വീഴ്ച വരുത്തിയെന്ന ഹർജിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ വിധി മാനിക്കാതിരുന്ന പാചകവാതക സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഫോറം ഉത്തരവിട്ടു.

മുതിർന്ന പൗരനായ വടുതല സ്വദേശി പള്ളിച്ചാംപറമ്പിൽ പി.ഡി. ആന്റണി സമർപ്പിച്ച ഹർജിയിലാണു നടപടി. ഉപയോക്താവിനു സിലിണ്ടർ വിതരണം ചെയ്യുന്നതിൽ ഏജൻസി 40 ദിവസത്തിൽ കൂടുതൽ സമയമെടുത്തിരുന്നു. ഇതേക്കുറിച്ചു പരാതി പറയാനെത്തിയപ്പോൾ ജീവനക്കാർ മോശമായി പെരുമാറിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉപയോക്താവിനു സിലിണ്ടർ 30 ദിവസത്തിനകം വിതരണം ചെയ്യണമെന്നും മോശമായ പെരുമാറ്റത്തിനു 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നം ഫോറം വിധിച്ചിരുന്നു. നഷ്ട പരിഹാരതുക നൽകിയ ശേഷം ഈ തുക ആവശ്യമെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരനിൽ നിന്ന് ഈടാക്കാമെന്നും ഫോറം നിർദേശിച്ചിരുന്നു.

ഇതിനു പുറമേ കേസിന്റെ ചെലവിലേക്കു ഹർജിക്കാരനു 2,000 രൂപയും വിതരണക്കാരൻ നൽകണം. എറണാകുളം പച്ചാളം കൊറയ റോഡിലെ സൂര്യ ഗ്യാസ് ഏജൻസിയാണു എതിർകക്ഷി. കേസിന്റെ നടത്തിപ്പിനായി ജില്ലാ ഫോറത്തിലും പിന്നീട് അപ്പീൽ ഘട്ടത്തിൽ സംസ്ഥാന കമ്മിഷൻ മുൻപാകെയും എതിർകക്ഷി ഹാജരായില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിഷൻ അപ്പീൽ തള്ളിയിരുന്നു. ഇതേ തുടർന്നാണു ഫോറം ഉത്തരവു നടപ്പിലാക്കാൻ തയാറാകാതിരുന്ന ഏജൻസി ഉടമയെ മേയ് പത്തിനു മുൻപു അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിട്ടത്.