Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടുശൈലിയെന്നു മണിയെ ന്യായീകരിച്ചു മുഖ്യമന്ത്രി; ഇടുക്കിക്കാരെ അപമാനിക്കരുത് എന്നു പ്രതിപക്ഷം

pinarayi-vijayan-ramesh-chennithala

തിരുവനന്തപുരം∙ നാടിന്റെ ശൈലി മന്ത്രി എം.എം.മണിയുടെ സംസാരത്തിൽ കടന്നുവരാറുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിക്കാരെ മുഖ്യമന്ത്രി അപമാനിക്കരുതെന്നു പ്രതിപക്ഷം. മണിയുടെ വിവാദപ്രസംഗത്തെച്ചൊല്ലി സഭ ഇന്നലെ ശബ്ദമുഖരിതമായി. പണ്ഡിതോചിതമായല്ല മനസിന്റെ ഭാഷയിലാണു താൻ സംസാരിക്കുന്നതെന്നു പറഞ്ഞു മന്ത്രി മണിയും സ്വയം ന്യായീകരിച്ചു. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബഹളം വച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രിയോ അതേക്കുറിച്ചു പരാമർശിക്കാതെ ഒഴിഞ്ഞു മാറി.

മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനു മറുപടി പറഞ്ഞപ്പോഴാണു നാട്ടു ശൈലിയിലുള്ള പ്രതിഷേധത്തെ പർവതീകരിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്നവും ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തേത് രാഷ്ട്രീയപ്രേരിതമായ സമരമാണ് എന്നു പറഞ്ഞത് പെമ്പിളൈ ഒരുമൈയിൽ തന്നെയുള്ള ചിലരാണ്. മണി ഖേദവും പറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ ഒരു വൻകിട കയ്യേറ്റത്തിനും ആരും മുതിരാത്ത നിലയിലുള്ള നടപടികൾ സർക്കാരിൽ നിന്നുണ്ടാകും. എല്ലാ വിഭാഗവുമായും ചർച്ച നടത്തും എന്നു പറഞ്ഞതിന് അർഥം ഏതെങ്കിലും കയ്യേറ്റക്കാരൻ രക്ഷപ്പെടും എന്നല്ല. ആ മനപ്പായസം ആർക്കുംവേണ്ട. ഇടുക്കിയിൽ കുരിശു തകർത്ത സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതു പൊലീസിനെ അറിയിച്ചല്ല.

കലക്ടർക്ക് അതിന് അധികാരമുണ്ടെങ്കിലും സാധാരണ ഗതിയിൽ കൂടിയാലോചന ഉണ്ടാകും. ഇടുക്കിയിലെ പല ആരാധനാലയങ്ങളും പട്ടയം ഇല്ലാത്ത ഭൂമിയിലാണ് എന്നതു കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിക്കാർ സംസ്കാരസമ്പന്നരാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഈ രൂപത്തിലൊന്നും സംസാരിക്കുന്നവരല്ല അവർ. അതു മണിയുടെ മാത്രം ഭാഷയാണ്. വികടസരസ്വതി മാത്രം നാവിൽ കളിയാടുന്നയാളാണ് അദ്ദേഹം. മകൻ നഷ്ടപ്പെട്ട അമ്മയായ മഹിജയെപ്പോലും പരിഹസിച്ചില്ലേ മണി? –തിരുവഞ്ചൂർ പറഞ്ഞു.

ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും നിയമസഭയിൽ ഔന്നത്യം പുലർത്തിയ എത്രയോ നിയമസഭാംഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. അവരാരും അശ്ലീലത്തിന്റെ ഭാഷ കടമെടുത്തിട്ടില്ല, മാന്യതയുടെ സീമ ലംഘിച്ചിട്ടില്ല– ചെന്നിത്തല പറഞ്ഞു.

related stories