Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ പിജി: സർക്കാർ കൗൺസലിങ് മതിയെന്ന് മെഡിക്കൽ കൗൺസിൽ

medical-exam-22

ന്യൂഡൽഹി∙ ന്യൂനപക്ഷ മാനേജ്‌മെന്റുകൾ നടത്തുന്ന മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും പിജി കോഴ്‌സിന് എല്ലാ സീറ്റിലും സർക്കാരിന്റെ കൗൺസലിങ് വേണമെന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്‌തമാക്കി. കൗൺസലിങ് സംബന്ധിച്ച ഹർജികൾ കോടതി നാളെ പരിഗണിക്കും.

എല്ലാ മെഡിക്കൽ കോളജുകളിലും എംബിബിഎസ്, പിജി സീറ്റിനു സർക്കാർ മാത്രം കൗൺസലിങ് നടത്തണമെന്ന നിർദേശം ചോദ്യം ചെയ്‌തു പുഷ്‌പഗിരി, അമല, ജൂബിലി, കോലഞ്ചേരി, ലുധിയാന സിഎംസി എന്നീ മെഡിക്കൽ കോളജുകളും അമൃത കൽപിത സർവകലാശാലയുമാണു കോടതിയെ സമീപിച്ചത്. സത്യവാങ്‌മൂലത്തിൽ പിജി സീറ്റ് സംബന്ധിച്ച നിലപാടു മാത്രമാണ് എംസിഐ വ്യക്‌തമാക്കിയത്.

എംബിബിഎസ് സീറ്റിന്റെ കാര്യത്തിലെ നിലപാടു കോടതിയിൽ നേരിട്ടു പറഞ്ഞേക്കുമെന്ന് അഭിഭാഷകർ സൂചിപ്പിച്ചു. ന്യൂനപക്ഷ സ്‌ഥാപനങ്ങൾക്കായി സർക്കാർ കൗൺസലിങ് നടത്തുമ്പോൾ സ്‌ഥാപനത്തിന്റെ പ്രതിനിധിയെയും ഉൾപ്പെടുത്തുമെന്നും ന്യൂനപക്ഷാവകാശങ്ങൾ പൂർണമായി സംരക്ഷിച്ചു മാത്രമേ പ്രവേശനം നടത്തുകയുള്ളുവെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.