Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണം: സംയുക്ത അന്വേഷണത്തിന് എൻഐഎ സംഘം പാരിസിൽ

കൊച്ചി ∙ ഭീകരരെ റിക്രൂട്ട് ചെയ്ത കേസിൽ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ മൊഴിയുടെ വിശദാംശങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ സംഘം പാരിസിലെത്തി. 2015–ലെ പാരിസ് ആക്രമണക്കേസിലെ അന്വേഷണത്തോടു സഹകരിക്കാനുള്ള ഫ്രഞ്ച് അന്വേഷണ ഏജൻസിയുടെ ക്ഷണം സ്വീകരിച്ചാണ് എൻഐഎയുടെ മലയാളി എസ്പി എ.പി. ഷൗക്കത്തലി അടങ്ങുന്ന സംഘം വെള്ളിയാഴ്ച പാരിസിലെത്തിയത്.

കഴിഞ്ഞ വർഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡൽഹിയിലെത്തി എൻഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണു പാരിസ് ആക്രമണക്കേസിൽ സംയുക്ത അന്വേഷണത്തിനായി എൻഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്. ഭീകര പ്രവർത്തനത്തിനായി വിദേശത്തേക്കു കടത്തിയ മലയാളികൾ അടക്കമുള്ള യുവാക്കളെ കുറിച്ചു ഫ്രഞ്ച് ഏജൻസിയുടെ പക്കലുള്ള വിവരങ്ങൾ കൂടിക്കാഴ്ചയിൽ അവർ കൈമാറും.

കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം നടത്താൻ ഒത്തുചേർന്ന സംഘത്തിലുണ്ടായിരുന്ന സുബഹാനിയെ എൻഐഎ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ സംഘത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങൾ അറിയാമെന്ന് എൻഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ സുബഹാനി തിരിച്ചറിഞ്ഞിരുന്നു.

ഇറാഖിലെത്തിയ സുബഹാനിക്ക് ഐഎസ് ക്യാംപിൽ പരിശീലനം ലഭിച്ചതു പാരിസ് ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്കൊപ്പമായിരുന്നു. 2015 നവംബറിലാണു 150 പേർ മരിച്ച ഭീകരാക്രമണം പാരിസിലുണ്ടായത്. തിയറ്ററിൽ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നൽകിയ അബ്ദുൽ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാൻഡർ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.

രാജ്യാന്തര ഭീകര സംഘടനയുടെ ഭാഗമാവാൻ സുബഹാനി ചെന്നൈയിൽ നിന്നു തുർക്കിയിലെ ഇസ്താംബൂളിലാണ് ആദ്യം എത്തിയത്. പിന്നീടു പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സ്വദേശികളായ ഭീകരർക്കൊപ്പം ഇറാഖിലേക്കു പോയി. ഈ സമയത്താണു സുബഹാനി ഭീകരരായ അബ്ദുൽ ഹമീദ് അബൗദ്, സലാഹ് അബ്ദുസലാം എന്നിവരെ സന്ദർശിച്ചത്. ഹമീദ് അബൗദ് പാരിസിലെ തിയറ്ററിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടു. അബ്ദുസലാം ഇപ്പോൾ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ത്യയുടെ സഹകരണത്തോടെ ഭീകരാക്രമണക്കേസിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണു ഫ്രഞ്ച് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. എൻഐഎ സംഘം ഇന്ന് ന്യൂഡൽഹിയിൽ തിരിച്ചെത്തും.