Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണറെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ അനുമതി നിഷേധിച്ച സംഭവം: അന്വേഷണം നടത്തുമെന്ന് ഡയറക്ടർ

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഗവർണറെ സ്വീകരിക്കാനെത്തിയ തനിക്ക് അകത്തുകടക്കാൻ അനുമതി നൽകാതിരുന്ന സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് പ്രോട്ടോകോൾ ഓഫിസർ വിമാനത്താവള ഡയറക്‌ടർക്ക് ഇന്നു കത്തുനൽകും. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ഡയറക്‌ടർ കെ.ജനാർദനൻ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികൂടിയായി വിമാനത്താവളത്തിലെത്തിയ പ്രോട്ടോകോൾ ഓഫിസറും ഡിഎം ഡപ്യൂട്ടി കലക്‌ടറുമായ സി.അബ്‌ദുൽറഷീദിനാണ് അനുമതി നിഷേധിച്ചത്.

സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും അവധിയിലുള്ള കലക്‌ടർ അമിത് മീണ നാളെ എത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും എഡിഎം ഇൻചാർജ് പി.രാമചന്ദ്രൻ പറഞ്ഞു. റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണറുടെ ഓഫിസിന്റെ നിർദേശം നാളെ കലക്‌ടറേറ്റിൽ എത്തിയേക്കും.

ശനിയാഴ്‌ച രാവിലെ കാസർകോട്ടെ പരിപാടിക്കു പോകാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഗവർണർ പി.സദാശിവത്തെ സ്വീകരിക്കാൻ ചെന്ന പ്രോട്ടോകോൾ ഓഫിസർക്ക് പാസ് നൽകാത്തതാണ് വിവാദത്തിനു കാരണമായത്.

വിമാനത്താവള മാനേജരെ നേരിട്ടു കണ്ടെങ്കിലും അനുമതി ലഭിച്ചില്ല. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയും ഗവർണറുടെ സുരക്ഷാസേനയിലെ ചിലരും ഇടപെട്ടാണ് അദ്ദേഹത്തെ അകത്തുകയറ്റിയത്.

രാത്രി ഒൻപതരയോടെ ഗവർണറെ യാത്രയാക്കാൻ വീണ്ടും വിമാനത്താവളത്തിൽ എത്തണമായിരുന്നെങ്കിലും രാവിലത്തെ അനുഭവം പരിഗണിച്ച് അബ്‌ദുൽറഷീദ് വിട്ടുനിൽക്കുകയായിരുന്നു.