Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താൻ എട്ടു സെന്റിന്റെ ജന്മി; വേണമെങ്കിൽ അതും തരാമെന്ന് എസ്.രാജേന്ദ്രൻ

തിരുവനന്തപുരം∙ എട്ടു സെന്റിന്റെ ജന്മിയാണു താനെന്നും വേണമെങ്കിൽ അതും വിട്ടുനൽകാമെന്നും എസ്.രാജേന്ദ്രൻ എംഎൽഎ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുമ്പോഴാണു തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ അദ്ദേഹം വികാരാധീനനായത്. 

യുഡിഎഫ് ഭരിക്കുമ്പോൾ മൂന്നാറിൽ പ്രശ്നങ്ങളില്ല. എൽഡിഎഫ് ഭരിക്കുമ്പോഴാണു പ്രശ്നം. ഇതിനു പിന്നിൽ രാഷ്ട്രീയ കച്ചവടക്കാരുണ്ട്. വിദേശ രാജ്യങ്ങൾക്കു കാർബൺ ബാലൻസ് കച്ചവടം ചെയ്യുന്നവരുണ്ട്. ചാനലുകളിൽ ചിലർ ചോദ്യം ചോദിക്കുന്നതു നാക്കു കൊണ്ടുള്ള ചാട്ടവാർ അടി പോലെയാണ്. ഇക്കൂട്ടർ വിദേശരാജ്യങ്ങൾക്കു ഭൂമിയെ ഒറ്റുകൊടുക്കുകയാണ്. ഇതെല്ലാം അന്വേഷിക്കണം.

മൂന്നാറിൽ പിണറായി സർക്കാർ ശക്തമായ നടപടി എടുക്കുമ്പോൾ വിവാദം ഉണ്ടാക്കുന്നതിനു പിന്നിൽ പരിസ്ഥിതിക്കച്ചവടക്കാരാണ്. മൂന്നാറുകാർ വനത്തിനും നീലക്കുറിഞ്ഞിക്കും എതിരല്ല. മാങ്കുളത്തുള്ളവർക്കു പട്ടയം കിട്ടാത്തപ്പോൾ ഇടുക്കി ജില്ലയിൽ നിന്ന് എറണാകുളം ജില്ലയിലേക്കു മാറിയ കുട്ടമ്പുഴയിലുള്ളവർക്കു പട്ടയം കിട്ടി.

സബ് കലക്ടറെപ്പറ്റി ഒന്നും പറയുന്നില്ല. ഐഎഎസ് പഠിച്ചാൽ പോരാ, കാര്യങ്ങൾ മനസ്സിലാക്കണം. അദ്ദേഹത്തെ മാധ്യമങ്ങൾ പറ്റിച്ചതാണ്. പി.ടി. തോമസിനെക്കുറിച്ചു തനിക്കു കുറച്ചു പറയാനുണ്ടെന്നു രാജേന്ദ്രൻ പറഞ്ഞെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല.