Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലേക്കു കന്നുകാലികളുമായി വന്ന ലോറികൾ തടഞ്ഞുതിരിച്ചയച്ചു

Cattle

പാലക്കാട് ∙ കേരളത്തിലേക്കു കന്നുകാലികളുമായി എത്തിയ ലോറികൾ സംസ്ഥാന അതിർത്തിയിൽ നിന്ന് ആറു കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കിണറ്റുകടവിൽ ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരെന്നു പറയുന്ന സംഘം തടഞ്ഞു. ഇതെ തുടർന്ന് ഭൂരിഭാഗം ലോറികളും തിരിച്ചുപോയി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണു സംഭവം.

കന്നുകാലികളുടെ കശാപ്പിനു കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ തിരിച്ചുപോകണമെന്നും അല്ലെങ്കിൽ കന്നുകാലികളെ ഗോശാലകളിലേക്ക് അയയ്ക്കണമെന്നും പത്തോളം പേരടങ്ങുന്ന സംഘം ആവശ്യപ്പെട്ടതായി ലോറി ഡ്രൈവർമാർ പറഞ്ഞു. രാത്രി ഇതുവഴി വന്ന തമിഴ്നാട് ഹൈവേ പൊലീസ് അധികൃതരോടു പരാതിപ്പെട്ടെങ്കിലും പ്രശ്നമുണ്ടാക്കാതെ തിരിച്ചുപോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.

തുടർന്ന് നാലോ അഞ്ചോ ലോറികൾ ഒഴികെയുള്ളവ തിരികെ പോയി. വേലന്താവളം ചെക് പോസ്റ്റ് വഴി കേരളത്തിലേക്കെത്തേണ്ടിയിരുന്ന ലോറികളാണു തിരിച്ചുപോയതിൽ മിക്കതും. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നു എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വിതരണത്തിനു കൊണ്ടുവന്നവയാണു കന്നുകാലികൾ. ഇന്നു ജില്ലയിലെ കുഴൽമന്ദത്ത് കന്നുകാലിച്ചന്തയുള്ളതിനാൽ ഇവിടേക്കുള്ള വാഹനങ്ങളും കൂടുതലായിരുന്നു.

ജില്ലയിലെ വേലന്താവളം, ചെമ്മണാംപതി, ഗോപാലപുരം എന്നീ ചെക് പോസ്റ്റുകൾ വഴി കന്നുകാലികളുമായി വരുന്ന വാഹനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ ഉത്തരവ് വന്ന ശേഷം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിനം 1500 വരെ കന്നുകാലികൾ വന്നിരുന്ന സ്ഥാനത്ത് ഇന്നലെ 500ൽ താഴെ എണ്ണമാണ് എത്തിയിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തു കന്നുകാലിവരവിനു നിയന്ത്രണമൊന്നുമില്ലെന്നും ജില്ലയിൽ ഇത്തരം വാഹനങ്ങൾ തടസ്സപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായതായി അറിവില്ലെന്നും ജില്ലാ പൊലീസ്, വാണിജ്യ നികുതി വകുപ്പ് അധികൃതർ പറഞ്ഞു.

പ്രധാനപ്പെട്ട അതിർത്തി പൊലീസ് സ്റ്റേഷനായ കൊഴിഞ്ഞാമ്പാറയിൽ ഉൾപ്പെടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി കൂടുതൽ സേനയെയും വാഹനങ്ങളെയും അനുവദിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം, കേന്ദ്ര ഉത്തരവിന്റെ പിൻബലത്തിൽ തമിഴ്നാട് ഭാഗത്ത് ചില സംഘങ്ങൾ വാഹനങ്ങൾ തടഞ്ഞു പണപ്പിരിവു നടത്തുന്നതായി സംസ്ഥാന പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ചെക് പോസ്റ്റുകളിൽ പണപ്പിരിവിനും അക്രമത്തിനും ശ്രമിച്ച ചില സംഘാംഗങ്ങളെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.