കായംകുളം ∙ കൃഷ്ണപുരത്തു രണ്ടിടത്തു കൃഷ്ണപ്രതിമകൾ തകർത്തു. സംഭവത്തിൽ പ്രദേശവാസി നെടുത്തറയിൽ സോമരാജപ്പണിക്കരെ (60) പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലെ കാണിക്കമണ്ഡപത്തിലെയും മേനാത്തേരിയിലെ വീട്ടിൽ സ്ഥാപിച്ചിരുന്നതുമായ പ്രതിമകളാണു കഴിഞ്ഞ ദിവസം തകർത്തത്.
ഇന്നലെ പുലർച്ചെ കാണിക്കമണ്ഡപത്തിലെ വഞ്ചി വയ്ക്കാൻ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണു കൃഷ്ണപ്രതിമയുടെ തലയുടെ ഭാഗം തകർന്നു കിടക്കുന്നതു കണ്ടത്. ഉടനെ ക്ഷേത്രം അധികൃതരെ അറിയിച്ചു. അതിനിടെ, മേനാത്തേരി കനക ഭവനത്തിൽ ജയദീപിന്റെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൃഷ്ണ പ്രതിമയും തകർത്തതായി കണ്ടെത്തി.
കാണിക്കമണ്ഡപത്തിനു സമീപത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങളിൽ പുലർച്ചെ സോമരാജപ്പണിക്കർ സൈക്കിളിൽ പോകുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നു സോമരാജപ്പണിക്കരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. നായ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി.
അഴികളിട്ട കാണിക്കമണ്ഡപത്തിനുള്ളിലൂടെ കമ്പ് ഉപയോഗിച്ചു വിഗ്രഹം തകർത്തതായാണു പൊലീസിന്റെ അനുമാനം. കാണിക്കമണ്ഡപത്തിലെ പ്രതിമ തകർത്ത ശേഷം സോമരാജപ്പണിക്കർ സൈക്കിളിൽ മേനാത്തേരിയിലെത്തി വീട്ടുമുറ്റത്തെ പ്രതിമയും തകർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
മൂന്നു മാസം മുൻപ് ഇതിനടുത്ത വീടിനു മുന്നിലെ കൃഷ്ണ പ്രതിമയും തകർന്ന നിലയിൽ കാണപ്പെട്ടിരുന്നു. രണ്ടു വർഷം മുൻപു കൃഷ്ണപുരത്തു ഗുരുദേവ പ്രതിമ തകർത്ത കേസിലും സോമരാജപ്പണിക്കരെ അറസ്റ്റ് ചെയ്തിരുന്നു.
ഒരു വർഷം മുൻപു കാണിക്കവഞ്ചി തകർത്തു പണം അപഹരിച്ച സംഭവത്തിനു ശേഷം രാത്രി ഏഴരയോടെ കാണിക്കമണ്ഡപത്തിൽ നിന്നു വഞ്ചി എടുക്കുകയും പുലർച്ചെ അഞ്ചരയോടെ സ്ഥാപിക്കുകയുമാണു ചെയ്യുന്നതെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ഡിവൈഎസ്പി എസ്. അനിൽദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു സോമരാജപ്പണിക്കർ പിടിയിലായത്. പ്രതിമ തകർത്ത സംഭവത്തിൽ കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു.