Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയങ്ങൾക്കൊപ്പം അടിപതറാതെ ജീവിച്ച മഹേശ്വരിയമ്മ

n-sreekandan-nair മഹേശ്വരിയമ്മയും ശ്രീകണ്ഠൻ നായരും. (പഴയകാല ചിത്രം)

ആലപ്പുഴ ∙ രാത്രി പതിനൊന്നിനു തുടങ്ങിയ വിവാഹച്ചടങ്ങുകൾ തീർന്നപ്പോൾ അർധരാത്രിയായിരുന്നു. വീട്ടുമുറ്റത്തെ പന്തൽ മുതൽ വീടിനുൾവശം വരെ നിരന്നു കിടന്ന മനുഷ്യർക്കിടയിലൂടെ വരനും വധുവും മണിയറയെന്നു സങ്കൽപിക്കപ്പെടുന്ന മുറിയിലെത്തിയപ്പോൾ അവിടെ അവർക്കുള്ള കട്ടിലിൽ തൊഴിലാളികളും സഖാക്കളും നിരന്നു കിടക്കുന്നു. ആരെയും ശല്യപ്പെടുത്താതെ, ചായ്പിൽ കിടന്ന ഒരു ബെഞ്ചുമെടുത്തു വധുവിന്റെ അമ്മയുടെ അസ്ഥിമാടത്തിനു സമീപം ഇരുവരും കഥകൾ പറഞ്ഞിരുന്നു.

1948 ജൂൺ 25 അർധരാത്രി പിന്നിട്ടു നേരം പുലർന്നത് അവരുടെ കഥകേട്ടായിരുന്നു. കഥയിലെ വരൻ കേരള രാഷ്ട്രീയത്തിലെ തീപ്പൊരി എൻ.ശ്രീകണ്ഠൻ നായർ. വധു സ്വാതന്ത്ര്യസമര സേനാനി കെ.കെ.കുഞ്ചുപിള്ളയുടെ മകൾ കെ.മഹേശ്വരിയമ്മ. എന്നും തൊഴിലാളികൾക്കും അധ്വാനിക്കുന്നവർക്കുമിടയിലായിരുന്നു ആ ഭർത്താവും ഭാര്യയും, അന്ത്യംവരെയും. ജന്മിയായി ജീവിക്കാനുള്ള പാരമ്പര്യ സ്വത്തിൽ ഏറിയപങ്കും ഭർത്താവിനൊപ്പമുള്ള സാമൂഹികപ്രവർത്തനങ്ങളിൽ ത്യജിച്ചു മഹേശ്വരിയമ്മ. പാർലമെന്റ് അംഗമായിരുന്ന ഭർത്താവിന്റെ വിധവയ്ക്കുള്ള പെൻഷനു വേണ്ടി കാൽനൂറ്റാണ്ടു സമരം ചെയ്യേണ്ടിവന്നതു പിൽക്കാലചരിത്രം.

മൂത്ത മകനു ശേഷം രണ്ടാമത്തെ കുട്ടി മകളാണെന്നറിഞ്ഞപ്പോൾ കുഞ്ചുപിള്ള രണ്ടാമതൊന്ന് ആലോചിച്ചില്ല, മഹേശ്വരിയമ്മ എന്നു പേരിട്ടു. ആത്മസുഹൃത്തായിരുന്ന ഹാസ്യസാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെ ഭാര്യയുടെ (സി.വി.രാമൻപിള്ളയുടെ മകൾ) പേരായിരുന്നു അത്. കുടുംബത്തിൽ പൊതുവേയുണ്ടായിരുന്ന സംഗീതവാസന ജന്മനാ ലഭിച്ച മഹേശ്വരിയമ്മ അമ്പലപ്പുഴയിലെ ശ്രീരാമസ്വാമി അയ്യരുടെ കീഴിലും അമ്പലപ്പുഴ സഹോദരന്മാർ ആരംഭിച്ച സംഗീത സ്കൂളിലുമായി സംഗീതം അഭ്യസിച്ചു. 

1937 ജനുവരിയിൽ മഹാത്മ‍ാഗാന്ധി കരുമാടി മുസാവരി ബംഗ്ലാവിലെത്തിയപ്പോൾ നേരിൽ കാണാൻ പോയ മഹേശ്വരിയമ്മ അതേവർഷം തന്നെയാണു ശ്രീകണ്ഠൻ നായരെ ആദ്യമായി കണ്ടത്. അന്നു മഹേശ്വരിയമ്മയ്ക്ക് ഒൻപതു വയസ്സ്. അച്ഛൻ കുഞ്ചുപിള്ളയുടെ സഹപ്രവർത്തകനായിരുന്നു ശ്രീകണ്ഠൻ നായർ. പതിനൊന്നാം വയസ്സിൽ അമ്മയുടെ മരണത്തോടെ മഹേശ്വരിയമ്മ തനിക്കു താഴെയുള്ള മൂന്നു സഹോദരിമാർക്ക് അമ്മയായി. 1945 ൽ അച്ഛനും മരിച്ചു. മഹേശ്വരിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശ്രീകണ്ഠൻ നായർ കുഞ്ചുപിള്ളയോടു സൂചിപ്പിച്ചിരുന്നു. മരണക്കിടക്കയിലാണു കുഞ്ചുപിള്ള മകളോട് ഇക്കാര്യം അറിയിച്ചത്. മറുപടി പറയുന്നതിനു മുൻപ് അദ്ദേഹം മരണത്തിനു കീഴടങ്ങി. രണ്ടു വർഷത്തിനു ശേഷം ശ്രീകണ്ഠൻ നായരെ വിവാഹം ചെയ്ത് അച്ഛന്റെ അവസാന ആഗ്രഹം മകൾ പാലിച്ചു. മക്കളില്ലാത്ത മഹേശ്വരിയമ്മയ്ക്കും ശ്രീകണ്ഠൻ നായർക്കും മഹേശ്വരിയുടെ അനുജത്തി മീനാക്ഷിയുടെ മകൾ അമ്മിണിക്കുട്ടി (നാജ) മകളായി.

കോൺഗ്രസ് നേതാവായിരുന്ന അച്ഛൻ, ആർഎസ്പി ദേശീയ സെക്രട്ടറിയും എംപിയുമായിരുന്ന ഭർത്താവ്, ആർഎസ്പി സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്ന സഹോദരൻ കെ.കെ.കുമാരപിള്ള. മഹാമേരുക്കൾക്കിടയിൽ ജീവിച്ച മഹേശ്വരിയമ്മ ശ്രീകണ്ഠൻ നായരുടെ മരണശേഷം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അതു ഭർത്താവും സഹോദരനും വിശ്വസിച്ചിരുന്ന ആർഎസ്പിയിലൂടെയോ അച്ഛൻ വിശ്വസിച്ചിരുന്ന കോൺഗ്രസിലൂടെയോ ആയിരുന്നില്ല, സിപിഐ സ്ഥാനാർഥിയായി പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച മഹേശ്വരിയമ്മ അതിവഗം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു. 

തകഴിയുടെ ‘കയർ’ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയെങ്കിലും അത് അച്ചടിമഷി പുരളുന്നത‍ിനു മുൻപ് 1983ൽ ശ്രീകണ്ഠൻ നായർ മരിച്ചു. പിന്നീട് ഈ കൃതി പ്രസിദ്ധീകരിക്കാൻ തകഴി മടിച്ചതു മഹേശ്വരിയമ്മയെ വേദനിപ്പിച്ചു. അവർ ഒരു പത്രവാർത്ത കൊടുത്തു: തകഴി പ്രസിദ്ധീകരിക്കാൻ അനുവാദം നൽകാത്തതിനാൽ ശ്രീകണ്ഠൻ നായർ പരിഭാഷപ്പെടുത്തിയ കയറിന്റെ മുഴുവൻ കയ്യെഴുത്തുപ്രതിയും അദ്ദേഹത്തിന്റെ ചരമവാർഷികമായ ജൂലൈ 20നു വീടിന്റെ തെക്കുവശത്തു പട്ടട കൂട്ടി ദഹിപ്പിക്കും. വാർത്ത കണ്ടു തകഴി മെരുങ്ങി. കയ്യെഴുത്തു പ്രതി നേരിട്ടു വാങ്ങി പ്രസിദ്ധീകരിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കേ 2001 ജൂൺ ഒന്ന‍ിനു പക്ഷാ‍ഘാതം മഹേശ്വരിയമ്മയെ വീഴ്ത്തി. ഏറെനാൾ ചികിത്സയിലായിരുന്ന മഹേശ്വരിയമ്മ ആരോഗ്യം ഭാഗികമായി വീണ്ടെടുത്തു പ്രവർത്തനമണ്ഡലത്തിൽ അവസാനം വരെ മുഴുകി.