Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷട്ടിലാണെന്റെ ജീവ‘നാഡി’; നാട്ടുകാർക്കു കളിക്കാൻ 12 ലക്ഷം രൂപ മുടക്കി കോർട്ട് നിർമിച്ചു മണിവർണൻ

shuttle-manivarnan കൂട്ടാലയിൽ മണിവർണൻ നിർമിച്ച സിന്തറ്റിക് കോർട്ട്. ഇടത്തേയറ്റത്ത് കളികണ്ടിരിക്കുന്നയാളാണ് മണ‍ിവർണൻ.

തൃശൂർ ∙ മണിവർണനു ഷട്ടിൽ കളിക്കാനാകില്ല. സുഷു‍മ്ന നാഡിക്കു തകരാറുള്ളതിനാൽ കളി കണ്ടിരിക്കാനേ കഴിയൂ. പക്ഷേ, ആയുഷ്കാല സമ്പാദ്യമായ 12 ലക്ഷം രൂപ ചെലവഴിച്ചു മണിവർണൻ നാട്ടുകാർക്കു വേണ്ടി നിർമിച്ചത് ഒന്നാന്തരം ഇൻഡോർ സിന്തറ്റിക് ബാഡ്മിന്റൻ കോർട്ട്! ദിവസവും രാവിലെയും വൈകിട്ടും കോർട്ടിൽ പോയിരിക്കും. നാൽപതോളം പേർ തന്റെ ഇൻഡോർ കോർട്ടിൽ കളിക്കുന്നതു കണ്ടുരസിക്കും, കയ്യടിക്കും. ആരോടും ഒരു രൂപ പോലും ഫീസ് ആയി വാങ്ങില്ല. ചോദിച്ചാൽ പറയും, ‘എന്റെ കുട്ടിക്കാലത്ത് ഒരു പന്തു വാങ്ങിത്തരാൻ പോലും ആരുമുണ്ടായിട്ടില്ല, നമ്മുടെ കുട്ടികൾക്കു വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ?’ പട്ടിക്കാട് കൂട്ടാല കുതിരപ്പിള്ളിൽ മണിവർണന് ആറു വർഷം മുൻപു വരെ ബാഡ്മിന്റൻ എന്ന കളിയുടെ ബാലപാഠം പോലും അറിയുമായിരുന്നില്ല. കുട്ടിക്കാലം മുതൽ ഫുട്ബോളിനു പിന്നാലെയായിരുന്നു ജീവിതം.

തൃശൂർ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഫുട്ബോൾ കളി നടക്കുന്നിടത്തെല്ലാം മണിവർണൻ ബൂട്ട് കെട്ടിയിറങ്ങും. വർഷങ്ങളോളം കളിച്ചുനടന്നപ്പോൾ വലതുകാലിന്റെ ലിഗ്മെന്റ് പൊട്ടി. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെ ഇടതു കാൽമുട്ടിനും പരുക്കേറ്റു. അങ്ങനെ ഫുട്ബോളിനോടു വിടപറഞ്ഞു. സ്വകാര്യ ബസ് കണ്ടക്ടറായും വർക്‌ഷോപ്പ് ജീവനക്കാരനായും പിന്നീടുള്ള ജീവിതം. പത്തു വർഷം മുൻപാണു ബാഡ്മിന്റനിൽ കമ്പം കയറുന്നത്.

കളി പഠിച്ചെങ്കിലും കളിക്കാൻ സ്ഥലമില്ലാതായപ്പോൾ സ്വന്തമായി കോർട്ട് ഇടുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. വീടിനു 50 മീറ്റർ അകലെ കാടുപിടിച്ചു കിടന്ന ഭൂമി വാങ്ങി നാലു വർഷം മുൻപാണു ഘട്ടം ഘട്ടമായി കോർട്ട് ഇട്ടുതുടങ്ങുന്നത്. ഏഴു ലക്ഷം രൂപ മുടക്കി ഇൻഡോർ സ്റ്റേഡിയം നിർമിച്ചു കോർട്ട് ഇട്ടെങ്കിലും സിന്തറ്റിക് ടർഫ് വിരിക്കാതെ തൃപ്തിയില്ലെന്നു തോന്നി. വീണ്ടും രണ്ടു ലക്ഷം രൂപ മുടക്കി സിന്തറ്റിക് ടർഫ് വിരിച്ചു.

ലൈറ്റുകളും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുക്കിക്കഴിഞ്ഞപ്പോൾ സ്വന്തം പോക്കറ്റിൽ മിച്ചം പിടിച്ചുവച്ച 12 ലക്ഷം രൂപ ഒഴുകിപ്പോയി. ഭൂമി വാങ്ങിയതു കൂട്ടാതെയുള്ള ചെലവാണിത്. ഇതിനിടെ സുഷുമ്ന നാഡിക്കു തകരാർ സംഭവിച്ചപ്പോൾ മണിവർണൻ കളിനിർത്തിയെങ്കിലും കോർട്ടിന്റെ നിർമാണം മുടക്കിയില്ല. ദിവസവും 40 പേർ ഇവിടെ കളിക്കാനെത്തും. ലൈറ്റ് ഇടുന്നതിന്റെ വൈദ്യുതിക്കൂലി പോലും മണിവർണൻ ആരോടും വാങ്ങില്ല. കളിക്കാനുള്ള ബാറ്റും കോർക്കും കളിക്കാർ കൊണ്ടുവരണമെന്നു മാത്രം. ഡിസംബർ ഒന്നു മുതൽ ഇവിടെ ടൂർണമെന്റ് ആരംഭിക്കും, അതും മണിവർണന്റെ ചെലവിൽ തന്നെ.  

related stories