Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് ബില്ലിനെതിരെ ലീഗ് സുപ്രീംകോടതിയിലേക്ക്

supreme-court

ന്യൂഡൽഹി∙ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിക്കും. കോടതിയുടെ സൂക്ഷ്മപരിശോധനയിൽ ബിൽ നിലനിൽക്കില്ലെന്നു ലോക്‌സഭാംഗങ്ങളായ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞു.

സർക്കാരിന്റെ ‘ദുഷ്ടലാക്ക്’ പ്രകടമാക്കുന്ന ബില്ലിനോടുള്ള എതിർപ്പ്, ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനു മുൻപു തന്നെ കോൺഗ്രസിനെ ലീഗ് അറിയിച്ചിരുന്നു. ഒരു മുസ്‌ലിം സംഘടനയോടുപോലും ചർച്ച നട‌ത്താതെ ബിൽ കൊണ്ടുവന്നതിൽ ലീഗിനു പ്രതിഷേധമുണ്ട്. ഏകവ്യക്തിനിയമം നടപ്പാക്കുന്നതിനു മുന്നോടിയാണിതെന്ന ആശങ്കയും അംഗങ്ങൾ പ്രകടിപ്പിച്ചു. വ്യവസ്ഥകളുടെ അപ്രായോഗികതയിലേക്കു തന്നെയാണ് എം.ഐ. ഷാനവാസ്, ജോയ്സ് ജോർജ്, അസദുദീൻ ഒവൈസി, ഭർതൃഹരി മെഹ്‌താബ് തുടങ്ങിയവരും ശ്രദ്ധ ക്ഷണിച്ചത്.

പരസ്പരവിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കുകയെന്നതടക്കം എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച എട്ടു ഭേദഗതികളും സഭ തള്ളി. നിയമനിർമാണത്തിന്റെ സദുദ്ദേശ്യത്തെ മാനിക്കാനും ബില്ലിനെ പി‌‌ന്തുണയ്ക്കാനുമായിരുന്നു നിയമമന്ത്രി രവിശങ്കർ പ്രസാദി‌ന്റെ അഭ്യർഥന.

തിരക്കിട്ടു പാസാക്കുന്നതിനെതിരെ എംപിമാരുടെ മുന്നറിയിപ്പ്

ന്യൂഡൽഹി∙ മു‌‌സ്‌ലിം സ്ത്രീ വൈവാഹിക അവകാശസംരക്ഷണ ബിൽ തിരക്കിട്ടു പാസാക്കുന്നതിനെതിരെ പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ സർക്കാരിനു മുന്നറിയിപ്പു നൽകി. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സജീവ പങ്കാളിത്തംകൊണ്ടു ബിൽ ചർച്ച ശ്രദ്ധേയമായി.

ഇ.ടി.മുഹമ്മദ് ബഷീർ: മുത്തലാഖ് ബില്ലിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനു ദുഷ്ടലാക്ക് മാത്രമാണുളളത്. സമുദായത്തിലെ പുരുഷന്മാരത്രയും സ്ത്രീകളോടു ക്രൂരസമീപനം സ്വീകരിക്കുന്നവരാണെന്ന മിഥ്യാധാരണ പരത്താനാണു ശ്രമം. ബില്ലിനെ എതിർക്കുന്നവരെല്ലാം മുത്തലാഖിന്റെ വക്താക്കളല്ല. ഈ സമ്പ്രദായം സുപ്രീം കോടതി നിരോധിച്ചതാണ്. ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനു പാലം പണിയുകയാണു നിങ്ങൾ. അതിനു പിന്നിൽ ബിജെപിയുടെ മനസ്സാണ്.

എൻ.കെ.പ്രേമചന്ദ്രൻ: സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ച മുത്തലാഖിൽ നിയമനിർമാണം നടത്തുന്നത് ഏക വ്യക്തിനിയമം നടപ്പാക്കാനാണ്. നിയമത്തിലെ പരസ്പരവിരുദ്ധ വ്യവസ്ഥകൾ നിലനിൽക്കില്ല. ബിൽ പൊതുചർച്ചയ്ക്കു വയ്ക്കുക, അഭിപ്രായ ഐക്യമുണ്ടാക്കുക.

എം.ഐ.ഷാനവാസ്: സൂര്യനു കീഴിൽ മറ്റൊരു പ്രശ്നവുമില്ലെന്ന നിലപാടാണു സർക്കാരിന്. ജയിലിലാകുന്ന വ്യക്തി ജീവനാംശം നൽകണമെന്ന വ്യവസ്ഥ അപ്രായോഗികമാണ്. ഭീകരാവസ്ഥ സൃഷ്ടിക്കുക മാത്രമാണു ലക്ഷ്യം.

എ.സമ്പത്ത്: സിവിൽ നിയമങ്ങൾക്കു മേൽ ക്രിമിനൽ നിയ‌മങ്ങൾ ഉപയോഗിച്ചു ഭരണകൂടം നടത്തുന്ന കടന്നുകയറ്റമാണിത്. സുപ്രീം കോടതി വിധിയിലൂടെത്തന്നെ മുത്തലാഖിനു നിയമസാധുതയില്ലാതായി. പൊതുസമൂഹത്തിൽ ആരുമായും കൂടിയാലോചന നടത്താതെ തയാറാക്കിയ ബില്ലിന്റെ ലക്ഷ്യം സാമുദായിക ധ്രുവീകരണമാണ്.