Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണം കുറയ്ക്കരുത്: യുഡിഎഫ് സംഘം

rajamala-kurinji

തിരുവനന്തപുര∙ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണം കുറയ്ക്കരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉദ്യാനം സന്ദർശിച്ച യുഡിഎഫ് സംഘം നിർദേശിച്ചു. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണമെന്നും മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും കൈമാറിയ റിപ്പോർട്ടിൽ യുഡിഎഫ് അഭിപ്രായപ്പെട്ടു. ഉദ്യാനത്തോടൊപ്പം യഥാർഥ കർഷകരെയും സംരക്ഷിക്കണം.

ജോയ്‌സ് ജോർജ് എംപിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നതടക്കം16 നിർദേശങ്ങളാണു യുഡിഎഫ് മുന്നോട്ടുവച്ചത്. രാജഭരണ കാലത്തു ചെമ്പു പട്ടയം കിട്ടിയവരും പിൽക്കാലത്തു പട്ടയം കിട്ടിയവരും അവരുടെ പിൻതലമുറക്കാരും അവരോടൊപ്പം വസ്തുക്കൾ തീറുവാങ്ങിയവരും എല്ലാം ചേർന്നതാണു വട്ടവട ഗ്രാമപഞ്ചായത്തിലെ കർഷക സമൂഹമെന്നു റിപ്പോർട്ടിൽ പറയുന്നു.

വ്യാജ പട്ടയങ്ങളുടെ പിൻബലത്തിൽ സർക്കാർ ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്ന വസ്തുകച്ചവടക്കാരും കോർപറേറ്റുകളും അടങ്ങുന്ന വൻകിട കയ്യേറ്റ സംഘത്തിന്റെ സാന്നിധ്യമാണ് ഉദ്യാനത്തിന്റെ ഭീഷണി. യഥാർഥ കർഷകരെ മറയാക്കി വൻകിട കയ്യേറ്റങ്ങൾ സംരക്ഷിക്കാനുള്ള കയ്യേറ്റ സംഘത്തിന്റെ കുതന്ത്രങ്ങൾ കാരണമാണ് ഉദ്യാന സർവേ നടപടികൾ തടസ്സപ്പെട്ടത്. ഈ വൻകിട കയ്യേറ്റക്കാരെ ഒറ്റപ്പെടുത്തി ഒഴിപ്പിക്കണം. യഥാർഥ കർഷകരെ വഴിയാധാരമാക്കരുത്. അവർക്കു നഷ്ടപരിഹാരവും അനുയോജ്യമായ പകരം കൃഷിഭൂമിയും നൽകണം.

ഉദ്യാനത്തിന്റെ സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തി തിരിച്ച് കയ്യേറ്റ രഹിത മേഖലയായി സംരക്ഷിക്കണം. തടസ്സപ്പെട്ട സർവേ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. കർഷകരുടെ ഉടമസ്ഥാവകാശങ്ങൾ നിയമാനുസരണം പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. അവിടെ, വനഭൂമിയിലെ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റി സൗഹൃദ മരങ്ങളും കുറിഞ്ഞിയും നട്ടുപിടിപ്പിക്കണം. ജലക്ഷാമം പരിഹരിക്കുന്നതിനു തടയണകൾ നിർമിക്കണം.

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി ആവിഷ്‌കരിക്കണം. പദ്ധതി രേഖ തയാറാക്കുന്നതിനു നോഡൽ ഓഫിസറെ നിയോഗിക്കണം. സ്വകാര്യ ഭൂമിയിലെ യൂക്കാലിപ്റ്റസും ഗ്രാന്റീസും വെട്ടിവിൽക്കുന്നതു നിരോധിച്ചതുമൂലം കർഷകർ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആ നിരോധനം പിൻവലിക്കണം. സ്വകാര്യ ഭൂമിയിൽ നിന്നു യൂക്കാലിയും ഗ്രാന്റിസും പിഴുതുമാറ്റുന്നതിനുള്ള ധനസഹായം പുനരാരംഭിക്കണം.

ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകളും ഉത്തരവുകളും ലഭിക്കാൻ അതിവിദൂരത്തിലുള്ള ആർഡിഒ ഓഫിസിൽ പോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇവ വട്ടവട വില്ലേജ് ഓഫിസിൽ നിന്ന് ലഭ്യമാക്കണം. ഇപ്പോൾ വസ്തു കൈമാറ്റവും പോക്കുവരവും കരം അടയ്ക്കലും തടസ്സപ്പെട്ടിരിക്കുന്നതിനു പരിഹാരം വേണം.

പ്രതിപക്ഷ നേതാവിനു പുറമെ ബെന്നിബഹന്നാൻ (കോൺഗ്രസ്), കെ.എച്ച്.ഹംസ (മുസ്‌ലിം ലീഗ്), ജോണി നെല്ലൂർ (കേരള കോൺഗ്രസ്–ജേക്കബ്), ഷിബു ബേബി ജോൺ (ആർഎസ്പി), സുരേഷ് ബാബു (സിഎംപി,) റാംമോഹൻ (ഫോർവേർഡ് ബ്‌ളോക്ക്) ഇബ്രാഹിംകുട്ടി കല്ലാർ (ഡിസിസി പ്രസിഡന്റ്), എസ്.അശോകൻ (യുഡിഎഫ് ജില്ലാ ചെയർമാൻ) എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.