Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിവിന്റെ സംസ്‌കാരം കെട്ടിപ്പടുക്കൽ മനുഷ്യസ്നേഹികളുടെ ദൗത്യം: സയ്യിദ് അലി അൽ ഹാശിമി

കോഴിക്കോട് ∙ ആത്മീയതയുടെ നിറവിൽ അറിവിന്റെ നാളങ്ങൾ ഉയർത്തുന്ന മർകസിന്റെ റൂബി ജൂബിലി ആഘോഷത്തിന് പ്രൗഢമായ തുടക്കം. യുഎഇ സർക്കാരിന്റെ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാശിമി ആഘോഷം ഉദ്ഘാടനം ചെയ്തു. അറിവിന്റെ സംസ്‌കാരം കെട്ടിപ്പടുക്കുകയാണ് മനുഷ്യസ്‌നേഹികളുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ മാത്രമേ സംഘർഷങ്ങളുടെ കാലത്ത് സമാധാന പൂർണമായ സംവാദങ്ങൾ സാധ്യമാവുകയുള്ളൂ. വൈജ്ഞാനിക വിനിമയ രംഗത്ത് മർകസ് നടത്തിയ സേവനങ്ങൾ ഇന്ത്യ-അറബ് ബന്ധത്തെ സുദൃഢമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അൽ ഹാശിമി പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹം ഏറെ ലഭിച്ച പ്രസ്ഥാനമാണ് മർകസെന്ന് ആമുഖ പ്രഭാഷണത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിപ്രായപ്പെട്ടു.

പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യാതിഥിയായിരുന്നു. എല്ലാ മതവിഭാഗങ്ങളെയും സ്നേഹിച്ചും ഇന്ത്യൻ ഭരണഘടന അനുസരിച്ചും ജീവിക്കേണ്ടവരാണെന്ന ബോധ്യവും ഉള്ളവരാക്കി പുതുതലമുറയെ മാറ്റുകയാണു പണ്ഡിതർ ചെയ്യേണ്ടതെന്നു യൂസഫലി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാർ അവരവരുടെ മതത്തെയും ഭാരതീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം. ഈ രാജ്യത്തിന്റെ ഉയർച്ചയ്ക്കായി ഒന്നിച്ചു പ്രവർത്തിക്കണം. അടുത്ത തലമുറയെയും രാജ്യസ്നേഹികളാക്കി, രാജ്യത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാക്കി വളർത്തിയെടുക്കണം. സംസ്കാര സമ്പന്നമായ സമൂഹം ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതസാഹോദര്യത്തിലൂന്നിയാവണം പ്രവർത്തിക്കേണ്ടത്. എല്ലാവരെയും സ്നേഹിക്കാനാണു പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.

സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, മുസ്തഫ മാട്ടൂൽ‍, പി.കെ.എസ്. തങ്ങൾ തലപ്പാറ, അബ്ദുൽ ഫത്താഹ് തങ്ങൾ ആവേലം, ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, എ.പി. അബ്ദുല്ല മുസല്യാർ മാണിക്കോത്ത്, എ.പി. അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, ഡോ. മൻസൂർ ഹാജി ചെന്നൈ, കെ.വി. മുഹമ്മദ് ഹാജി ബെംഗളൂരു, അൻവർ ഷെരീഫ് ബെംഗളൂരു, സയ്യിദ് ശറഫുദീൻ ജമലുല്ലൈലി, സയ്യിദ് കെ.എസ്.കെ. തങ്ങൾ അൽ ഐദറൂസി, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, എം.എൻ. സിദ്ദീഖ് ഹാജി, മൂസ ഹാജി അപ്പോളോ, എം.എൻ‍. കുഞ്ഞഹമ്മദ് ഹാജി, അബൂബക്കർ ഹാജി ചെറുവണ്ണൂർ, ശാഫി സഅദി മംഗളൂരു, ഹൈദ്രൂസ് ഹാജി എറണാകുളം, ബി. പി. സിദ്ദീഖ് ഹാജി കോവൂർ, നീലിക്കണ്ടി പക്കർ ഹാജി, ഹുസൈൻ നീബാരി, പോക്കർ ഹാജി വയനാട്, അബ്ദുൽകരീം ഹാജി, എം.എ.എച്ച്. അസ്ഹരി, മജീദ് കക്കാട് എന്നിവർ പ്രസംഗിച്ചു.

റൂബി ജൂബിലി സമ്മേളന സുവനീർ മലയാളം, ഇംഗ്ലിഷ് പതിപ്പുകൾ, അഅലീമി ദുൻയാ ഐഇബിഐ മുഖപത്രം മർകസ് റൂബി ജൂബിലി സമ്മേളന സ്പെഷൽ, മർകസ് പ്രമുഖരുടെ ദൃഷ്ടിയിൽ എന്നിവയുടെ പ്രകാശനവും നടന്നു. ഇസ്‌ലാമിക് മീഡിയ മിഷൻ‍ അൽ അദ്‌കാർ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാരും മർകസ് മർച്ചന്റ്സ് അസോസിയേഷൻ ലോഗോ ലോഞ്ചിങ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പും നിർവഹിച്ചു. സമ്മേളനം ഏഴിനു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.