Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരന്റെ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ സമരം തുടരുന്നു

Sreejith

തിരുവനന്തപുരം ∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത് നടത്തുന്ന സമരം 772 ദിവസം പിന്നിടുന്നു. സിബിഐ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ശ്രീജിത്. അന്വേഷണം ഏറ്റെടുത്തതായുള്ള സിബിഐ അറിയിപ്പ് ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ തുടരാനാണു തീരുമാനം.

ഇതിനിടെ, കുറ്റാരോപിതരായ പൊലീസുകാർക്കെതിരെയുള്ള നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാൽ ശ്രീജിത്‌ സമരം പിൻവലിച്ചേക്കുമെന്നു സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ചൊവ്വാഴ്ച മാത്രമേ ഉണ്ടാകുകയുള്ളു. സമരത്തിനു പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മയും സെക്രട്ടേറിയറ്റിനു മുന്നിലുണ്ട്. പൊലീസുകാർക്കെതിരെയുള്ള ശ്രീജിത്തിന്റെ ഹർജിയിൽ കക്ഷി ചേരുമെന്നു കഴിഞ്ഞ ദിവസം സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു. നേരത്തെ കേസ് ഏറ്റെടുക്കണമെന്ന ആവശ്യം സിബിഐ തള്ളിയിരുന്നു.

സമരത്തിനു വൻ പിന്തുണ ലഭിക്കുകയും രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തതോടെയാണ് വീണ്ടും സർ‍ക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതിയത്. അമ്മ രമണി ഗവർണറെ കണ്ടു നിവേദനം നൽകിയിരുന്നു. ബിജെപി – കോൺഗ്രസ് നേതാക്കളും സിബിഐ അന്വേ​ഷണം അവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിച്ചു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച സിബിഐ കേസ് എറ്റെടുത്തതായി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതു സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ‌ നേരിട്ടെത്തിയാണ് ശ്രീജിത്തിനു കൈമാറിയത്. എന്നാൽ 2017 ജൂണിലും ഇതുപോലെ അറിയിപ്പു ലഭിച്ചതായും അതിനു ശേഷം അന്വേഷണ നടപടികൾ സിബിഐ ആരംഭിച്ചില്ലെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി. സമാനമായ രീതിയിൽ ഇനിയും സം​ഭവിക്കാതിരിക്കാനാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതായുള്ള അറിയിപ്പു ലഭിക്കുന്നതു വരെ സമരം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയും പിന്തുണയുമായി വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെപ്പേർ എത്തി.